രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസ വാദിയായ മഹാത്മാജിയുടെ സ്തൂപം ഉൾകൊള്ളുന്ന ഇടമാണ് അനുസ്മരണ യോഗ വേദിയായി തിരഞ്ഞെടുത്തതെന്ന് ചടങ്ങുകൾക്ക് നേതൃത്വo നൽകിയ IOC (UK) കേരള ചാപ്റ്റർ ഭാരവാഹി ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി.
വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്സൺ, ആദിൽ, മുഹമ്മദ് റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.