ദയാൻ
” ആന്തരിക മാറ്റത്തിനായി ശബ്‌ദിച്ചവരൊക്കെ സമൂഹത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും രക്തസാക്ഷികളായിരുന്നു “- റുഗോ.ഡി.സാൽവ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകൽ, മഹിഷപട്ടണത്തെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് അന്നുവരെയില്ലാത്ത കുറെ മനുഷ്യരെ അവർ കണ്ടു തുടങ്ങി. സാംസ്‌കാരിക പൈതൃകം മഹിഷപട്ടണത്തിൻറെ പാരമ്പര്യമാണെന്നും അത് തകർക്കപ്പെട്ടതിറ്റെ സൂചനയാണ് കുറുമ്പാലക്കോട്ടെ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിളംബരമെന്നും പരക്കെ ശ്രുതി പടർന്നകാലം. അതേകാലങ്ങളിൽ ലോകത്തു രണ്ടു മാറ്റങ്ങൾ നടന്നു. അധികാരങ്ങളിലേക് മതം ഒരു വോട്ടിംഗ് മെഷീനായി , മറ്റൊന്ന് കുറുമ്പാലക്കോട്ടെ ക്ഷേത്ര വിളംബരത്തിൽ തിടുക്കം വേണ്ട എന്നും, കമ്മ്യൂണിസ്റ്റുകാർ മത വിശ്വാസികളുടെ ഒപ്പമാണെന്നും, നിലപാടിൽ വിശ്വാസികളുമായി ചർച്ചയാവാം എന്നും ,അവരുടെ വോട്ടുകൾ നിലനിർത്തണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു . ലോകത്തുണ്ടായ ഈ രണ്ടു മാറ്റങ്ങൾ അമ്മിണി ചേച്ചിടെ പശുവിൻറെ കറവ കുറച്ചു. കറവ കുറഞ്ഞ പശുവിനെ അമ്മിണി ചേച്ചിക്ക് തള്ളിക്കളയാൻ പറ്റില്ലാലോ ജീവനോപാധിയല്ലേ !
വാദങ്ങളും , പ്രതിവാദങ്ങളും നടന്നു . പലരും അമ്മിണി ചേച്ചിയെ ചാനൽ ചർച്ചകളിൽ വിളിച്ചു . പാലിൻറെ അമിതമായ കൊഴുപ്പ് ഹിന്ദുക്കളുടെ ലൈംഗീക ശേഷി കുറക്കുമെന്നും, അതുകൊണ്ടാണ് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നത് എന്ന് അമൂർത്തനാഥാ വാദിച്ചു . നല്ല ബീഫ് ബിരിയാണി ആവോളം തട്ടിയിരുന്ന അമ്മിണി ചേച്ചി അങ്ങനെ ഹിന്ദു സമൂഹത്തിനായി ഒരു സ്വയം വിപ്ലവകാരിയായി.
ഈ മാറ്റങ്ങൾക്കും മുമ്പ് , മഹിഷപട്ടണത്തെ ഇരുട്ടുകൾ ഇരയെ കാത്തു കിടന്നു. ഇരുട്ടും, പകലും കാലത്തിൻറെ മരണത്തെ സൂചിപ്പിക്കുന്നു. കാലത്തിൻറെ ആയുസ് കുറഞ്ഞുതുടങ്ങി. കാലം മരണത്തിലേക് നീങ്ങിയപ്പോൾ ചന്ദ്രദാസ് കാലത്തുതന്നെ എഴുന്നേറ്റു. അയാൾക്കു ഒരു ചെറിയ പെട്ടിക്കടയായിരുന്നു . ഇരുപതു വർഷത്തെ സർക്കാർ സേവനം കഴിഞ്ഞപ്പോൾ മിച്ചം വച്ച നീക്കിയിരിപ്പുകൊണ്ട് തുടങ്ങിയതാണ് ആ കട . ഉച്ചയൂണും ചില പലചരക്കു സാധങ്ങളുമായ് അയാൾ ധൃതിയിൽ ഇറങ്ങാൻ തുടങ്ങവേ ഭാര്യ അകത്തു നിന്നും വിളിച്ചു ,
“അല്ല , നിങ്ങളിത് എന്താ ഇത്ര നേരത്തെ” ?
ഒരു സംശയത്തോടെ ‘ഇനി പഴയ പണി വീണ്ടും തുടങ്ങിയോ !?’
“ ദേ, ഒരു കാര്യം പറഞ്ഞേക്കാം, മറ്റേ പണി വല്ലതും വീണ്ടും തുടങ്ങിയ ഞാൻ പിള്ളേരെയും കൂട്ടി എൻറെ വീട്ടിൽ പോകും , പറഞ്ഞില്ലാന് വേണ്ട.”
രോഷം തീരെ കുറക്കാതെ മുഖം തിരിച്ചു നടന്നു പോയ് …
മുറ്റത്തേക്കു ഇറങ്ങി ചെരുപ്പ് ഇടുന്നതിനിടയിൽ തൊഴുത്തിൽനിന്നു ശ്യാമള ഉറക്കെ പശുവിനോട് പറഞ്ഞു
” ഡീ മീനാക്ഷി , നീ സൂക്ഷിച്ചോ അങ്ങേരു വീണ്ടും മറ്റേ പണി തുടങ്ങി ?”
കേട്ടു എന്ന് ഉറപ്പു വരുത്താൻ തൊഴുത്തിൻ വാതിക്കൽ വന്ന് എത്തി നോക്കി. കേട്ടില്ല എന്ന ഭാവത്തിൽ ചന്ദ്രദാസ് നടന്നുപോയ്.
കുണ്ടിയാലും, കിഴക്കേ പടവും അയാൾ വേഗത്തിൽ നടന്നു നീങ്ങി , അകാരണ വേഗതയും,ഭയവും,പരിഭ്രമവും അയാളിലുണ്ടായിരുന്നു . ആ പ്രദേശത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു അയാൾ . ശ്യാമള പറഞ്ഞ മറ്റേ നടപ്പിന് പാർട്ടിയിൽ നിന്നും പുറത്താക്കി. എന്നാലും ചന്ദ്രദാസ് എന്ന വിപ്ലവകാരി മഹിഷാപട്ടണത്തു അധികാരം കയ്യടക്കി ജീവിച്ചു. പെട്ടന്നുതന്നെ അയാൾ കടയിലെത്തി , കയ്യിലിരുന്ന സഞ്ചി ബെഞ്ചിൽ ഇറക്കി വെച്ച്, വേഗം ചെന്ന് കടയുടെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അറിയിപ്പ് ബോർഡിലേക്ക് നോക്കി . അയാളുടെ പ്രതീക്ഷ തെറ്റിയില്ല. ഒരു നോട്ടീസ് അവിടെ പതിച്ചിരിക്കുന്നു.
” സദാചാര പ്രമാണിയുടെ മണിമാളിക തീയിൽ ചുട്ടെടുക്കും. ചെറ്റകളെ, തീയുടെ നിറവും ചുവപ്പാണ് “- റൂഗോ
അയാൾ പരിഭ്രാന്തനായി , നെറ്റി വിയർത്തു , വിറയ്ക്കുന്ന കൈകൾ കൊണ്ട് മൊബൈൽ ഫോൺ തപ്പിയെടുത്തു. ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു LC സെക്രട്ടറി കരുണാകരൻ .
” എന്താ, ചന്ദ്രാ ” പരുപരുത്ത ശബ്ദം
“പോസ്റ്റർ വന്നിട്ടുണ്ട് , എന്താ ചെയ്യാ ? ഇതിപ്പോ വയ്യാവേലി ആവോ ?” ഭയം അയാളുടെ ശബ്ദത്തെ ചൂളി വലിച്ചു .
“അതവിടെ കിടക്കട്ടെ, ഞാൻ നിന്നെ വിളിക്കാം ..” കരുണാകരൻ ഫോൺ കട്ട് ചെയ്തു.
എന്തൊക്കെയോ അയാളെ അലട്ടുണ്ടായിരുന്നു, ചോദ്യങ്ങൾക്കും ഭയത്തിനും ഇടയിൽ അയാൾ അപ്പക്കാളയെ പോലെ നിന്നു. ഈ പോസ്റ്റർ വരുന്നവരെല്ലാം കാണും, ഞാൻ എന്ത് ചെയ്യും. കുറച്ചു കഴിഞ്ഞപ്പോൾ കരുണാകരൻറെ ഫോൺ വന്നു. അവർ എന്തൊക്കെയോ സംസാരിച്ചു. ശെരി ..ശെരി ,, എന്നല്ലാതെ ചന്ദ്രദാസ് മറുത്തു ഒന്നും മിണ്ടിയില്ല.
നെറ്റിയിലെ വിയർപ്പു തുടച്ചു അയാൾ കട തുറന്നു. വലിയ ഇരമ്പൽ ശബ്ദത്തോടെ ഷട്ടർ മുകളിലോട്ട് ഉയർന്നുപൊങ്ങി. ആ ഇരമ്പൽ അയാളുടെ മനസിൻറെ കൂടിയായിരുന്നു. സമയം പതിയെ മുന്നോട് നീങ്ങി. കൂടി വന്ന സമയം പോലെ കുറുമ്പാലക്കോട്ടെ ക്ഷേത്ര പരിസരത്തും ആൾകാർ കൂടി കൂടി വന്നു.
” എന്താ ചന്ദ്രേട്ടാ നേരത്തെ ?”
കാലത്തു നടക്കാൻ ഇറങ്ങിയ രാജീവൻറെ ചോദ്യം
പെട്ടെന്നു ശബ്ദം കേട്ട് തിരിഞ്ഞ ചന്ദ്രൻറെ കൈ തട്ടി ഒരു ഗ്ലാസ് ചായ തെന്നി താഴേക്കു വീണു. അവൻ താഴെ വീണുടയുന്നതു ചന്ദ്രദാസും രാജീവനും നോക്കിനിന്നു.
” അരിച്ചാക്കു നനഞ്ഞല്ലോ ! ഇനിയിപ്പോ അതൊരു പണിയായി .”
” എന്നാ എനിക്കും ഒരു ചായ തന്നേക് ” രാജീവൻ ഇരിക്കാൻ തന്നെ തീരുമാനിച്ചു
“രാജീവനിരിക്ക് ” അയാൾ ചായ എടുക്കാൻ തുടങ്ങി.
ചായ എടുക്കുമ്പോഴും അയാളുടെ ശ്രദ്ധ രാജീവനിലായിരുന്നു. അയാൾ ആ പോസ്റ്റർ കാണുന്നുണ്ടോ എന്നായിരുന്നു അയാളുടെ നോട്ടം.
അകത്തെ ഭരണി കുപ്പിയിൽ നിന്നും ബർക്കി എടുത്ത് തിരിഞ്ഞപ്പോൾ രാജീവൻറെ ശ്രദ്ധ അറിയിപ്പ് ബോർഡിൽ പതിഞ്ഞു. അയാൾ അതിലേക്ക് സൂക്ഷ്‌മം നോക്കി. ശ്രദ്ധയോടെ അവിടെ എഴുതിയത് വായിച്ചു…
“റൂഗോ”,
രാജീവൻ അവസാനവാരി വായിച്ചതും,ചന്ദ്രദാസിൻറെ കൈ പനാമറിൽ തട്ടി പൊള്ളിയതും ഒരുമിച്ചായിരുന്നു.
“അയ്, ..” രാജീവൻ നീട്ടിയൊന്നു പരിഹസിച്ചു.
“ഇവന്മാര് ഈ നാടിനെ പറയിപ്പിക്കും,അല്ലാതെ എന്ത് പറയാൻ,ആ നടുക്കുന്നിൽ നടന്നതിൻറെ ബാക്കിയാണിത് “…
“അങ്ങനെ വേണം കരുതാൻ രാജീവാ, എനിക്ക് പേടിയാ,അവന്മാര് ഈ കട കത്തിക്കും.”
“നിങ്ങളൊന്നു പോ, ചന്ദ്രേട്ടാ, ഇവന്മാര് എന്ത് ചെയ്യാനാ, തലതെറിച്ച കുറച്ചു ചെക്കന്മാരും, പെണ്ണുങ്ങളും ഒരു നേതാവ് റൂഗോയും “
“ഇവനാ കോരണ്ടി വാസുൻറെ മോനാ,കഞ്ചാവാ എന്താ സംശയം”
“ഇതൊക്കെ പറഞ്ഞ ആര് വിശ്വസിക്കാൻ” ചന്ദ്രദാസ്
” നിങ്ങള് പേടിക്കണ്ട, ഇടെ പാർടിയെല്ലാം ഇണ്ടല്ല” !!
ചായ കുടിക്കാനും, ബർക്കി തിന്നാനും , സൊറ പറയാനും വന്നവർ, വന്നവർ അറിയിപ്പ് വായിച്ചു കടയിൽ തളംകെട്ടി നിന്നു . വന്നവരെല്ലാം ചന്ദ്രദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുംതന്നെ അയാളുടെ ചായയെ തള്ളിപറഞ്ഞില്ല .ചായയുടെയും,ബർക്കിയുടെയും രുചി നൽകി അയാൾ അവിടെ ഒരു രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തി.
“കോരണ്ടി വാസു ചത്ത പോലെ ചാവാനാ ഓൻറെ വിധി , അതെങ്ങനാ ജാത്യാലുള്ളത് തൂത്ത പോവോ ?”
ഈ ജാത്യാലുള്ളത് എന്നത് ജാതിയാണോ അതോ മനുഷ്യൻ എന്നാണോ ? അതെന്തിനാ അപ്പൊ പറഞ്ഞെ എന്നുപോലും ദിനേശന് ഓർമയില്ല. ചാത്തോത് വാസു,കിഴക്കേൽ ഗോവിന്ദൻ, മണിയത്തു കോരൻ ഇവർ മൂന്നുപേരും കൂടി മഹിഷപട്ടണത് ജീവിച്ചിരുന്നു. ചാത്തോത് വാസു അഥവാ കോരണ്ടി വാസു മഹിഷപട്ടണത്തെ മാവോ എന്നറിയപ്പെട്ടിരുന്നു.
“അല്ല, ചന്ദ്ര അന്ന് നടുക്കുന്നിൽ എന്താ നടന്നിനു ?..”
“അതെല്ലാം പറഞ്ഞ നിങ്ങ സഹിക്കൂല, ഒരു സംഭവെനു”.
“നീ പറയപ്പ “
കേൾവി കുറഞ്ഞ , കാലംതെറ്റി മുളച്ച ചെവി ചന്ദ്രനിലേക് കൂർപ്പിച്ചു രവി പറഞ്ഞു . ലോകം മുഴുവൻ ചന്ദ്രദാസിൻറെ വായിലേക്കു നോക്കി നിന്നു. ആ നോട്ടത്തിൽ നാവുകൾ പോലും ഉരിയാടാൻ പേടിച്ചു.
ഉയരത്തിൽ നിന്നും “ശുറും”..ചായ മറ്റൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചിറക്കി ചന്ദ്രദാസ് തുടർന്നു.
പോക്കറു ഹാജി സൈക്കളിടിച്ചു മരിച്ച ദിവസം, ഞാനും,LC സെക്രട്ടറി കരുണാകരേട്ടൻ , ബാബുവും, പിന്നെ വിജയനും. എല്ലാരുംകൂടെ ഹാജിയെയും കണ്ടു തിരിച്ചു വരുന്ന വഴി.ക്ഷേത്രം കഴിഞ്ഞു വളവു കേറുമ്പോ നടുകുന്നിൻറെ മേളിലെ തട്ടിന് കുറേപേർ സംസാരിക്കുന്ന ശബ്ദം. കൂട്ടത്തിൽ സ്ത്രീ ശബ്ദവും ഉണ്ടായിരുന്നു. അവർ ഉറക്കെ ചിരിക്കുന്നുണ്ട്.
” എന്താ ഇപ്പൊ ഇവിടെ കുറെ പെൺകുട്ടികളുടെ ശബ്ദം ” വിജയൻറെ ഒരു മുനവച്ചുള്ള സംസാരം .
അല്ല അവൻ അങ്ങനെ ചോദിക്കാനും മതി ,സമയം വൈകിട്ട് ആയ് .
” ഈ വൈകുന്നേരം എന്താ ഇവർക്കിവിടെ കാര്യം” എന്നായി LC സെക്രട്ടറി.
വിജയൻ പല സംശയങ്ങളും ഉയർത്തി. പഞ്ഞമില്ലാത്ത സംശയങ്ങൾ അവരെ നടുകുന്നിലേക്ക് കുന്നുകേറ്റി .
അടച്ചുവച്ചിരുന്ന ചായയിലെ പത ശകലം ഇറങ്ങാതെ ദിനേശന് നൽകി ചന്ദ്രദാസ് തുടർന്നു .
“എൻറെ ദിനേശാ,… ഞങ്ങള് കണ്ട കാഴ്ച ..കുറെ പെൺകുട്ടികളും,ആൺകുട്ടികളും,ഇടകലർന്നു,മടിയിൽ കിടന്നു,
ശ്ശെ ..!! എങ്ങനാ പറയാ”.
ഇതു കണ്ടു വിജയന് കലികയറി, എന്താ എന്ന് ചോദിക്കുന്ന മുന്നേ ആ റൂഗോയെ പിടിച്ചു ഒരെണ്ണം കാച്ചി.
“എന്താടാ, ഇവിടെ പരിപാടി ” സെക്രട്ടറി .
” അത് ചോദിക്കാൻ നിങ്ങളാരാ”
“പിന്നെ പറയണോ രവി,… വർത്തനായ്,ഒച്ചയായ് “.
അതും പോരാഞ്ഞിട്ട് ,അവിടെ ഇരുന്ന ഒരു പെൺകുട്ടി, നമ്മടെ കരക്കാട്ടിലെ ദാസൻറെ മോള്”.
“മാറിനിക്ക് വിജയേട്ടാ”, എന്നും പറഞ്ഞു ഒറ്റ തള്ള് .
വിജയൻ കാലുതെറ്റി പടക്കോം എന്നുപറഞ്ഞു ഒരു മുള്ളിൻറെ മേല വീണു. ഓൻറെ കുണ്ടിലും , കാലിലും മുള്ളു കുത്തിക്കേറി. ഇതു കണ്ടോണ്ടു നിന്ന ബാബു അവളുടെ കയ്യിൽ കേറി പിടിച്ചു.
ആകെ ബഹളം. നടുകുന്നിൻറെ ഉച്ചിയിൽ ഒരു യുദ്ധ സമാനത നിറഞ്ഞു.പിന്നെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു ഞങ്ങളും പിരിഞ്ഞു. ഒരു നന്മ ചെയ്ത സംതൃപ്തി അവരെ നടുകുന്നിൻറെ കുന്നിറക്കി.
പിന്നീട് സംഭവിച്ചതൊക്കെ നിങ്ങൾ അറിഞ്ഞു കാണും അല്ലോ?. അതിൻറെ ഇടയിൽ ബാബുവിൻറെ ഒരു വിഡിയോപിടുത്തം.
‘നടക്കുന്നിൽ കഞ്ചാവ് പിള്ളേരുടെ വിളയാട്ടം’ എന്ന് പറഞ്ഞു നാട്ടിലെ ഗ്രൂപുകളിൽ ആകെ അയച്ചു, അത് നാടു മൊത്തം പരന്നു.
എല്ലാം കേട്ടിരുന്ന സഭ കുറച്ചു നേരം മൗനമായ്. ദിനേശൻ ചായയിലെ പത ഊറിവലിച്ചു.കൈയിലിരുന്ന ബർക്കി നനഞ്ഞു താഴേക്കു ഊർന്നുവീണു.വാദങ്ങളുടേയും,എതിര്പ്പിൻറെയും,അസൂയയുടെയും ചായ ചന്ദ്രദാസ് മുകളിലോട്ടും താഴേക്കും നീട്ടിയടിച്ചു പതപ്പിച്ചു നൽകി.
നേരം വൈകിയെങ്കിലും അന്ന് മഹിഷപട്ടണത്ത് ചിലതു നടന്നു. ആ സംഘത്തിലുണ്ടായ യമുനയുടെ അച്ഛൻ ദാസൻ മനംനൊന്തു ആത്മഹത്യ ചെയ്തു. റൂഗോയെ സദാചാര വിരുദ്ധതയ്ക്കു മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സംഭവങ്ങളും മഹിഷപട്ടണത്തെ കലുഷിതമാക്കി .
അന്നവിടെ രണ്ടു യോഗങ്ങൾ നടന്നു. ദാസൻറെ മരണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിലേക്ക് അവർ ഇരമ്പിയെത്തി.മുൻനിരയിൽ ചന്ദ്രദാസ്, കരുണാകരൻ,ബാബു,വിജയൻ. അവർ കൂട്ടം കൂട്ടമായി വന്നു ചേർന്നു. മീറ്റിങ് ഹാളിനു പുറത്തു അവർ റുഗോ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. ഒരു പ്രവാഹം പോലെ അവർ ഒന്നിച്ചു ആ ഹാളിനകത്തേക് കടന്നു വന്നു. ജനങ്ങൾ പേടിച്ചു മാറിനിന്നു. കരുണാകരനും പ്രസംഗം നിർത്തി. ബാബു എഴുനേറ്റു ഒരു ഭാഗത്തേക്കു മാറി നിന്ന്. കൂട്ടത്തിൻെറ ഇടയിലേക്ക് യമുന കടന്നു വന്നു. അവളുടെ കണ്ണുകളിൽ വൈര്യത്തിൻറെ കനലുകൾ ജ്വലിക്കുന്നുണ്ടായിയുന്നു. ഇടറിയ വാക്കുകൾ ചേർത്ത് അവൾ പറഞ്ഞു
” അച്ഛനെ നിങ്ങൾ കൊന്നു..! അറിഞ്ഞിരുന്നല്ലോ? അല്ലെ ? നിങ്ങക്കറിയില്ല നിങ്ങൾ എങ്ങനെയാണ് ഒരാളെ കൊല്ലുന്നത് എന്ന്, കൂട്ടം കൂടിയിരിക്കുന്ന,പരസ്പരം കെട്ടിപിടിക്കുന്ന, തമാശകൾ പറയുന്ന ആണ്കുട്ടികളയേയും പെൺകുട്ടികളെയും കണ്ടാൽ തല്ലി കൊല്ലാനും , ലൈംഗീകത ചേർക്കാനും നിങ്ങൾക്ക് എളുപ്പമാണ്.ഇനി ഈ അന്തിക്കടയിൽ ഞങളെ കുറിച്ച് സംസാരിക്കില്ല …കൂട്ടമായി ചവാനോ,കൊല്ലാനോ ഇനി ഞങൾ നിന്ന് തരില്ല.എല്ലാ അന്തിക്കടകളും ഞങൾ തീയിടും.”
സംസാരം തീരുമ്പൊഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോഴേക്കും എല്ലാവരും ശാന്തരായി. അലയടിച്ചു തീർന്ന കടലുപോലെ. സംഘമായി വന്നവർ ഒരുമിച്ചു തിരിച്ചുപോയി. അവരുടെ കാലം മാത്രമായിരുന്നില്ല ശെരി , ഓരോ കാലവും ശെരികളുടെ ഒരു പറുദീസ ആയിരുന്നു.
പക്ഷെ കരുണാകരൻറെ മനസ് ശാന്തമായിരുന്നില്ല, അവർ ഒത്തു ചേർന്നു. മഹിഷപട്ടണത്തെ ആ രാത്രിയിൽ അവർ പലതും തീരുമാനിച്ചു. സ്വർണമൽസ്യത്തെ പിടിക്കുന്നത് സ്വപ്നം കണ്ടവർ ആ സംഘത്തെ കൂട്ടമായി രക്തസാക്ഷികൾ ആക്കാൻ തീരുമാനിച്ചു.