സെബി സെബാസ്റ്റ്യൻ
മൂന്നു വർഷക്കാലം മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ ആണ് ഞാൻ ജീവിച്ചത്. ആ കാലയളവിൽ ബർമ്മയും( ഇന്നത്തെ മ്യാന്മാർ ) സന്ദർശിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തവും സന്തോഷപ്രദവുമായ ബാച്ചിലർ ലൈഫ് അനുഭവമായിരുന്നു ആ കാലം.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നെല്ലാം എല്ലാംകൊണ്ടും വ്യത്യസ്തമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ.ഈ ഏഴു സംസ്ഥാനങ്ങൾ “Seven Sisters “എന്നാണ് അറിയപ്പെടുന്നത്. (Assam, Manipur, Nagaland, Tripura, Mizoram, Sikkim, Meghalaya ). ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണരീതി, വസ്ത്രധാരണം, സംസ്കാരം, മനുഷ്യരുടെ രൂപം. ഇന്ത്യയിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് നമ്മൾ സംശയിച്ചു പോകും.
തലസ്ഥാനമായ താഴ് വാര പ്രദേശമായ Imphal ൽ ജീവിക്കുന്ന ഭൂരിഭാഗം പേരും ഹിന്ദു വിഭാഗത്തിൽപ്പെട്ട മെയ്തെസ് ആണ്. അവർ ചുറ്റുമുള്ള കുന്നിൻ പ്രദേശങ്ങളിൽ ജീവിക്കുന്ന കുക്കി, നാഗ വിഭാഗങ്ങളുമായി ആത്മാർത്ഥമായ അടുപ്പം സ്ഥാപിക്കാറില്ല. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായാൽ പോലും മെയ്തെസിന് അടുത്ത സുഹൃത്തുക്കൾ ആയി കുക്കികളോ നാഗന്മാരോ ഉണ്ടാവുകയില്ല. അന്യ ഗോത്രത്തിൽപ്പെട്ട ഒരാളെ സ്നേഹിച്ച് വിവാഹം കഴിക്കുന്നതിന്റെ റിസ്ക് ആലോചിക്കാവുന്നതേയുള്ളൂ. പ്രധാനമായും മത്സ്യവും സസ്യഭക്ഷണവും ആണ് മെയ്തീസിന്റേത്. പന്നിയോ പോത്തോ വാങ്ങണമെങ്കിൽ കുക്കി -നാഗകളുടെ പ്രദേശത്തേക്ക് പോകണം.
ഒരു അവധി ദിവസം ഇറച്ചി വാങ്ങാനായി ഞാൻ സൈക്കിളിൽ അവിടെക്ക് വച്ചുപിടിപ്പിച്ചു. അത് വാങ്ങി തിരിച്ചു താമസസ്ഥലത്തേക്ക് വരുന്നത് മെയ് ത്തേകളുടെ ഇഫാലിലെ പച്ചക്കറി മാർക്കറ്റിലൂടെയാണ്. അപ്പോൾ അവിടെ ഇറങ്ങി ഇറച്ചിയിൽ ഇടാനുള്ളകുറച്ചു മല്ലിയില വാങ്ങാമെന്നു കരുതി.അമ്മമാർ വിവിധതരം പച്ചക്കറികളുമായി മാർക്കറ്റിൽ ഇരിപ്പുണ്ടാകും. ഒരു അമ്മ മല്ലിയില നീട്ടിയപ്പോൾ “ഈ സഞ്ചിയിലേക്ക് ഇട്ടോ “എന്ന് മണിപൂരി ഭാഷയിൽ പറഞ്ഞു ഞാൻ സഞ്ചി തുറന്നു കാണിച്ചുകൊടുത്തു. അതിൽ ഇറച്ചി കണ്ട ആ അമ്മ എന്നെ ഒരു ആട്ട് ആട്ടിയത് ഇപ്പോഴും ഒരു ഉൾ കിടിലത്തോടെ ഓർക്കുന്നു! സൈക്കിളുമെടുത്ത് പറന്ന ഞാൻ എന്നെ തല്ലാൻ പിന്നാലെ വരുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഞാൻ നിന്നിരുന്ന സ്ഥലം ആ അമ്മ ഒരു മോന്തയിൽ വെള്ളം എടുത്ത് തെളിച്ചു ശുദ്ധി വരുത്തുന്നതാണ്..!!
ഇതിൽനിന്നും അവരുടെ ഏകദേശ ചിത്രം മനസ്സിലായി കാണുമല്ലോ.
ഇറച്ചി തിന്നുന്ന കുക്കി കളും നാഗന്മാരും അവരെ സംബന്ധിച്ചിടത്തോളം അറപ്പോടെ മാറ്റിനിർത്തപ്പെടുന്നവരാണ്. ചോരയുടെ ഗന്ധം ഉള്ളവരാണ്.
അധ്യാപകരോട് അവർക്ക് വളരെ ബഹുമാനമാണ്. പ്രത്യേകിച്ച് മലയാളികളായ അധ്യാപകർ കണക്ക്, സയൻസ് വിഷയങ്ങളിൽ പ്രാഗല്ഭ്യം ഉള്ളവരായതിനാൽ വീടുകളിൽ പ്രൈവറ്റ് ട്യൂഷനായി വിളിക്കും. പലർക്കും സ്കൂളിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തെക്കാൾ വരുമാനം ട്യൂഷനിൽ നിന്ന് ലഭിക്കും.
ചോറിൽ നിന്ന് വാറ്റിയെടുക്കുന്ന നാടൻ മദ്യവും പട്ടിയിറച്ചി കറിയും കിട്ടുന്ന നാടൻ ചായക്കട പോലുള്ള സെറ്റപ്പുകൾ അവിടെയുണ്ട്. കോഴി ഇറച്ചി കറിയേക്കാൾ വില കൂടുതലാണ് പട്ടിയിറച്ചിയുടെ കറിക്ക്.
മെയ്തെയ്, കുക്കി , നാഗ എന്നി മൂന്ന് വിഭാഗങ്ങൾ പരസ്പരം മനുഷ്യനെ മനുഷ്യനായി കണ്ടു മനസ്സിലാക്കി ജീവിക്കാൻ സാധിക്കാത്തവരാണ്. അതിനുള്ള കാരണം അവിടെ ഒരു പെരിയാറോ, ശ്രീനാരായണഗുരുവോ, ഗാന്ധിജിയോ ജന്മം എടുത്തിട്ടില്ല എന്നതാണ്. മനുഷ്യനാവണം, മനുഷ്യനാവണം എന്ന് പാടി പഠിപ്പിക്കാൻ, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞു പഠിപ്പിക്കാൻ അവരുടെ ഇടയിൽ ഒരു മഹാൻ ഇതുവരെ പിറവിയെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പരസ്പരമുള്ള ഈ ശത്രുതകൾ ഇനിയും തുടരും.
സ്ത്രീകൾ വിശേഷിച്ച് അമ്മമാരുടെ വാക്കുകൾക്ക് അവിടെ വലിയ വിലയാണ്. അവർ പ്രബലരാണ്. ആസാം റൈഫിൾസിന് മുന്നിൽ തുണിയഴിച്ച് സമരം ചെയ്തു പ്രതിഷേധിച്ചവരാണ് ഈ അമ്മമാർ.
മണിപ്പൂരിൽ നിന്ന് ഗുവഹട്ടിയിലേക്ക് ബസ്സിനു വരണം. അവിടെനിന്നാണ് കേരളത്തിലേക്കുള്ള ട്രെയിൻ. ഏകദേശം 15- 17 മണിക്കൂർ ബസിൽ ഇരിക്കണം. മലമ്പ്രദേശത്തിലൂടെയുള്ള ഈ റോഡുകളിലൂടെ പതുക്കെ പോകാനെ കഴിയുകയുള്ളു.ഇരുവശങ്ങളിലും അതിസുന്ദരമായ കാഴ്ചകൾ ആയിരിക്കും. ഇങ്ങനെ വരുമ്പോൾ എല്ലാ ബസ്സുകളും ഏതാണ്ട് ഒരുമിച്ച് ഒരേസമയമാണ് Imphal ൽ നിന്ന് പുറപ്പെടുന്നത്. ആ ബസ്സുകളുടെ മുൻപിലും പിന്നിലും പട്ടാളക്കാരുടെ വണ്ടികൾ കാവലായി ഉണ്ടാവും. കാരണം വഴിയിൽ രാത്രികളിൽ തീവ്രവാദികളുടെ ആക്രമണം ഉണ്ടാവാം. മണിപ്പൂരിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും പട്ടാളക്കാരുടെ ചെക്കിങ്ങിന് വിധേയമായിട്ടുണ്ട്. ബസ്സിൽ നിന്നിറങ്ങി എല്ലാവരും റോഡിൽ നിരന്നു നിൽക്കണം. അവർ ശരീരം മുഴുവൻ പരിശോധിക്കും.
തണുപ്പുകാലത്ത് വൈകുന്നേരം നാലുമണിയോടുകൂടി അവിടെ ഇരുട്ടു വീഴാൻ തുടങ്ങും.
എല്ലാംകൊണ്ടും മൂന്നുവർഷത്തെ ഒരു ടൂർ ആയിട്ടാണ് ആ ജീവിതാനുഭവങ്ങളെ ഇപ്പോൾ കാണുന്നത്. അവസാനത്തെ മടക്കയാത്രയിൽ ബസിലിരുന്ന് ഓരോ സുന്ദരമായ കാഴ്ചകളും മനസ്സിൽ ഒപ്പിയെടുത്തിട്ടാണ് സഞ്ചരിച്ചത്. കാരണം ഇനി ഒരിക്കലും അങ്ങോട്ട് തിരിച്ചു പോകില്ലെന്ന് ഉറപ്പായിരുന്നു.
വെറുപ്പും അകൽച്ചയും അടിത്തറ പാകിയ വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ ഒരു പ്രശ്നമുണ്ടാവുമ്പോൾ വികാരം പൊടുന്ന നെആളിക്കത്തും.
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാത്ത സർക്കാരിനെ പിരിച്ചുവിടാത്തത് ആശ്ചര്യകരമാണ്. ഇതുപോലുള്ള സന്ദർഭങ്ങളിൽ അല്ലെങ്കിൽ പിന്നെ ഏതു സന്ദർഭത്തിലാണ് ഒരു സംസ്ഥാന സർക്കാരിനെ പി രിച്ചുവിടാൻ കേന്ദ്രം ആലോചിക്കുന്നത്? ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളാണ് മണിപ്പൂർ ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ തന്നെ അവരെ പിരിച്ചുവിടുമായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിലുള്ള ഈ സംയമനവും മെല്ലെ പോക്ക് നിലപാടും ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. കുക്കി, മെയ് ത്തേയ് വിഭാഗങ്ങളുടെ മനസ്സുകൾ മുമ്പെങ്ങും ഇല്ലാത്ത വിധം ഒരു നിസ്സാര കാര്യത്തിന്റെ പേരിൽ അകന്നു കഴിഞ്ഞു. കേന്ദ്രം സമയം കളയാതെ കർശന നിലപാടുകൾ എടുക്കണം. സമാധാനം പുനഃസ്ഥാപിക്കണം. എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ ജനങ്ങളെ പഠിപ്പിക്കണം. എതിർ ഗോത്രത്തിൽപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ മനുഷ്യനെ പച്ചക്ക് തീ കൊളുത്തി കൊല്ലുന്നു, സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തുന്നു, വീടുകൾക്ക് തീ കൊളുത്തുന്നു,അവർ പോകുന്ന ആരാധനാലയങ്ങൾ കത്തിക്കുന്നു… എല്ലാത്തിന്റെയും പുറകിൽ ഒരു കാരണമേയുള്ളൂ, അന്യനോടുള്ള വെറുപ്പ്!
വെറുപ്പിന്റെ ഈ കമ്പോളത്തിൽ സ്നേഹത്തിന്റെ കൊച്ചുകൊച്ചു കടകൾ തുറന്നിരിക്കാൻ മണിപ്പൂർ ജനതയ്ക്ക് ഇനിയെങ്കിലും കഴിയട്ടെ എന്ന് ആശംസിക്കുന്നു.