അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്കെയര്‍ കോഴ്സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.
ലീവിങ് സെര്ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ.
സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്, ഫാര്‍മസി, ഒക്യുപ്പേഷണല്‍ തെറാപ്പി, മറ്റ് ഹെല്‍ത്ത്കെയര്‍ കോഴ്സുകള്‍ എന്നിവയ്ക്ക് 415 അധിക സീറ്റുകളും അനുവദിക്കും. ഇതില്‍ 205 നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി, 20 സ്പീച്ച് ആന്‍ഡ് തെറാപ്പി, 24 ഒക്യുപ്പേഷണല്‍ തെറാപ്പി സീറ്റുകളും ഉള്‍പ്പെടും.
ഇതിന് പുറമെ Queens University, Ulster University എന്നിവിടങ്ങളില്‍ 200 നഴ്സിങ് സീറ്റുകള്‍ കൂടി അനുവദിക്കും. Ulster Univesrsity-യില്‍ 50 അധിക തെറാപ്പി കോഴ്സ് സീറ്റുകളും അനുവദിക്കുന്നുണ്ട്. ഇതില്‍ ഒക്യുപ്പേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി കോഴ്സുകളും ഉള്‍പ്പെടും.
ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ തെറാപ്പി കോഴ്സുകളിലേയ്ക്ക് അധിക സീറ്റുകള്‍ അനുവദിക്കാനായി ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി ഹാരിസ് പറഞ്ഞു. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പേരെ ആവശ്യമുണ്ടെന്നത് മനസിലാക്കിയാണ് സര്‍ക്കാര്‍ തീരുമാനം.