അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും ഇടത്തരം വരുമാനമുള്ള ദമ്പതികള്‍ക്ക് വീട് വാങ്ങാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ഒരുമിച്ച് 89,000 യൂറോ മാസവരുമാനം ലഭിക്കുന്ന ദമ്പതികള്‍ക്ക് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വീട് വാങ്ങാന്‍ സാധിക്കുന്നത് പരിശോധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് Society of Chartered Surveyors Ireland (SCSI) ആണ്.
യൂറോപ്പില്‍ 40-ന് താഴെ പ്രായമുള്ള വീട്ടുടമകള്‍ ഏറ്റവും കുറവ് അയര്‍ലണ്ടിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരം.
കോര്‍ക്ക്, ഗോള്‍വേ, മീത്ത് എന്നിവിടങ്ങളില്‍ പുതിയൊരു വീട് വാങ്ങണമെങ്കില്‍ ഈ വരുമാനമുള്ള ദമ്പതികള്‍ക്ക്, സമ്പാദ്യത്തെക്കാള്‍ 38,000 യൂറോ അധികമായി ഡെപ്പോസിറ്റിന് വേണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കില്‍ഡെയറില്‍ ഒരു മൂന്ന് ബെഡ്, സെമി ഡിറ്റാച്ചഡ് വീടിന് സമ്പാദ്യത്തെക്കാള്‍ 32,000 യൂറോ അധികം ഡെപ്പോസിറ്റ് നല്‍കാന്‍ ആവശ്യമാണ്.
അതേസമയം വിക്ക്‌ലോയിലേയ്ക്ക് വരുമ്പോള്‍ സ്ഥിതി ഇതിലും മോശമാണ്. ആദ്യമായി വീട് വാങ്ങുന്ന ഇടത്തരം വരുമാനക്കാരുടെ കൈയില്‍ ഡെപ്പോസിറ്റ് തുകയെക്കാള്‍ 83,200 യൂറോ ആണ് ഇവിടെ കുറവ്. പരമാവധി മോര്‍ട്ട്‌ഗേജ് ബാങ്ക് നല്‍കിയാലും ഇത്രയും തുക അധികമായി കണ്ടെത്തേണ്ട ഗതികേടിലാണ് ദമ്പതികള്‍.
ഈ സാഹചര്യത്തില്‍ പലരും വാടകക്കാരായി തന്നെ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
അടുത്ത 12 മാസത്തിനിടെ രാജ്യത്തെ ഭവനവില 2% കൂടി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭവനപ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ആവശ്യമുള്ളതിലും വളരെ കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെലവ് കൂടിയതാണ് ഭവനനിര്‍മ്മാണം കുറയാനുള്ള ഒരു കാരണം.
ഈ വര്‍ഷം രാജ്യത്ത് സര്‍ക്കാര്‍ പദ്ധതിയില്‍ 29,000 വീടുകളുടെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.