അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ വഴി ലൈംഗികാതിക്രമങ്ങള്‍ വ്യാപകമായതായി രാജ്യത്തെ 67% പേരും. ഇയു രാജ്യങ്ങളിലായി പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ യൂറോപ്യന്‍ കമ്മിഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. അതേസമയം രാജ്യത്തെ അഞ്ചില്‍ ഒന്ന് പേര്‍ മാത്രമാണ് കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നുണ്ടെന്ന് പറഞ്ഞത്. പണം, മറ്റ് സമ്മാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ട്.
രാജ്യത്തെ 11% പേരാണ് ഓണ്‍ലൈന്‍ വഴി ലൈംഗികാതിക്രമം നടന്ന ഒരു കുട്ടിയെയെങ്കിലും അറിയാമെന്ന് പ്രതികരിച്ചത്. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണാനിടയായതായി 10% പേരും പറഞ്ഞു.
27 ഇയു അംഗരാജ്യങ്ങളിലായി 26,000-ലധികം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 73% പേരും ഇയുവില്‍ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗികാതിക്രമം വ്യാപിച്ചിരിക്കുന്നതായി പ്രതികരിച്ചു. അയര്‍ലണ്ടില്‍ സര്‍വേയില്‍ പങ്കെടുത്ത 1,000 പേരില്‍ 67% പേരാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
തെറ്റായ കാര്യങ്ങള്‍ കാണാതെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് അയര്‍ലണ്ടിലെ 75% പേരും വിശ്വസിക്കുന്നില്ല. 20% പേര്‍ മാത്രമാണ് കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് രക്ഷിതാക്കള്‍ അറിയുന്നുണ്ടെന്ന് പ്രതികരിച്ചത്. പാരന്റല്‍ കണ്‍ട്രോള്‍ പോലുള്ള ടൂളുകള്‍ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഫലപ്രദമാണെന്ന് രാജ്യത്തെ 78% പേരും വിശ്വസിക്കുന്നില്ല.
സോഷ്യല്‍ മീഡിയ, ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴിയെല്ലാം കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെടുകയോ, മോശം അനുഭവം നേരിടുകയോ ചെയ്യുന്നുണ്ട്. ഗെയിമിലെ സഹകളിക്കാരായ പ്രായപൂര്‍ത്തിയായവര്‍ കുട്ടികള്‍ക്ക് പണം, മറ്റ് സമ്മാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ട്.
കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്ന് കുട്ടികളോട് ഇടയ്ക്കിടെ ചോദിക്കുക, എന്ത് പ്രശ്‌നമുണ്ടായാലും തങ്ങള്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് കൊടുക്കുക എന്നിവ അതാവശ്യമാണ്. ഒപ്പം പാരന്റല്‍ കണ്‍ട്രോള്‍ ടൂളിനെ മാത്രം കാര്യങ്ങളേല്‍പ്പിക്കാതെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഇടയ്ക്കിടെ പരിശോധിക്കുക, മേല്‍നോട്ടം വഹിക്കുക എന്നിവയും ചെയ്യണം. കുട്ടികളുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം കണ്ടാല്‍ വിദഗ്ദ്ധരായ ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെ സഹായവും തേടണം.