അയര്‍ലണ്ടില്‍ ജീവിതച്ചെലവ് കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ ബജറ്റില്‍ ഒരുപിടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍.
കുട്ടി ജനിക്കുന്ന രക്ഷിതാക്കള്‍ക്ക് ധനസഹായത്തോടെയുള്ള അവധി രണ്ടാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കക്ഷികള്‍ക്കിടയില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ കുട്ടികള്‍ ജനിച്ചാല്‍ ഒമ്പത് ആഴ്ച വരെ മാതാപിതാക്കള്‍ക്ക് അവധിയെടുക്കാം. മാതാവിനും, പിതാവിനും ആഴ്ചയില്‍ 262 യൂറോ സര്‍ക്കാര്‍ നല്‍കും.
ഇതിന് പുറമെ കുടുംബങ്ങള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിനായി നല്‍കിവരുന്ന സഹായം (Child Benefit Payment) ഒറ്റത്തവണത്തേയ്ക്ക് ഇരട്ടിയാക്കാനും ആലോചനയുണ്ട്. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ ഏകദേശം 638,000 കുടുംബങ്ങള്‍ക്ക് ഒരു കുട്ടിക്ക് നല്‍കിവരുന്ന 140 യൂറോ എന്നത്, 280 യൂറോ ആയി ഉയരും. മൂന്ന് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് മാസം 840 യൂറോയും, നാല് കുട്ടികളാണെങ്കില്‍ 1,120 യൂറോയും ലഭിക്കും. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys ഇതിന് പിന്തുണ നല്‍കുന്നതായാണ് വിവരം.
Humphreys-ന്റെ ഹോട്ട് സ്കൂള്‍ മീല്‍സ് പ്രോഗ്രാം കൂടുതല്‍ വിപുലീകരിക്കാനും ആലോചനയുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഡെയ്സ് പ്രൈമറി സ്കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഹോട്ട് മീല്‍സ് നല്‍കും. 2030-ഓടെ എല്ലാ പ്രൈമറി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് മന്ത്രിയുടെ തീരുമാനം.