ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞു. മെയ് മാസം വരെയുള്ള 12 മാസത്തിനിടെ ഇറക്കുമതി 34% കുറഞ്ഞ് 1.3 ബില്യണ്‍ യൂറോ ആയതായി Central Statistics Office (CSO) വ്യക്തമാക്കി.
അതേസമയം അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി 19% വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ 1.6 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് നടന്നത്.
സാധനങ്ങള്‍ക്കായി ബ്രിട്ടന് ഐറിഷ് വിപണിയെ വലിയ രീതിയില്‍ ആശ്രയിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Grant Thornton Ireland-ലെ ടാക്സ് വിഭാഗം മേധാവിയായ Janette Maxwell പറഞ്ഞു.
ബ്രിട്ടനില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായത് മിനറല്‍ ഫ്യുവല്‍സിന്റെ കാര്യത്തിലാണ്. ഒപ്പം ലൂബ്രിക്കന്റ്സിന്റെയും, ബന്ധപ്പെട്ട വസ്തുക്കളുടെയും ഇറക്കുമതിയും കുറഞ്ഞു. ഇവ രണ്ടിന്റെയും ഇറക്കുമതി 53% കുറഞ്ഞ് 298 മില്യണ്‍ യൂറോയുടെ ഇടപാട് മാത്രമാണ് നടന്നത്. പെട്രോളിയം, കല്‍ക്കരി, പ്രകൃതിവാതകം മുതലായവയാണ് മിനറല്‍ ഫ്യുവല്‍സ് അഥവാ ഫോസില്‍ ഇന്ധനങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
മെയ് മാസത്തില്‍ ബ്രിട്ടനിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും ഏറ്റവുമധികം കയറ്റിയയ്ക്കപ്പെട്ടത് കെമിക്കല്‍സും, അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ്. 700 മില്യണ്‍ യൂറോയാണ് ഇവയുടെ കയറ്റുമതി മൂല്യം. ഭക്ഷണം, ജീവനുള്ള മൃഗങ്ങള്‍ എന്നിവയാണ് രണ്ടാം സ്ഥാനത്ത്. ആകെ മൂല്യം 339 മില്യണ്‍ യൂറോ.
മെയ് മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേയ്ക്കായി അയര്‍ലണ്ടില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട സാധനങ്ങളുടെ ആകെ മൂല്യം 16.7 ബില്യണ്‍ യൂറോയാണ്. 2022 മെയ് മാസത്തെ അപേക്ഷിച്ച് 1.2 ബില്യണ്‍ യൂറോയുടെ കുറവാണിത്.
ലോകരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള ഇറക്കുമതിയിലും 12% കുറവ് വന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.6 ബില്യണ്‍ കുറഞ്ഞ്, 11.6 ബില്യണ്‍ യൂറോയുടെ ഇറക്കുമതിയാണ് നടന്നത്.
അയര്‍ലണ്ടില്‍ നിന്നുമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ഈ മെയ് മാസത്തിലെത്തുമ്പോള്‍, 12 മാസത്തിനിടെ 595 മില്യണ്‍ യൂറോയുടെ കുറവാണ് ഇവയുടെ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. ആകെ കയറ്റുമതിയുടെ 39% ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളാണ്.