അയര്‍ലണ്ടിലെ വാര്‍ഷിക വിലക്കയറ്റം കുറഞ്ഞതായി Central Statistics Office (CSO). 2022 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2023 ജൂണ്‍ മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ വിലക്കയറ്റത്തില്‍ 6.1% കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം വില ഉയര്‍ന്നത് വീടുകള്‍, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്കാണ്. 15.7% ആണ് ഇവയുടെ വിലക്കയറ്റം. വിനോദോപാധികള്‍, ഫര്‍ണ്ണിച്ചര്‍ എന്നിവയാണ് 10.4% വിലക്കയറ്റത്തോടെ രണ്ടാം സ്ഥാനത്ത്.
വിവിധ അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചത് ഇപ്രകാരമാണ് (ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ച വില ബ്രാക്കറ്റില്‍): 800 ഗ്രാമിന്റെ വൈറ്റ് സ്ലൈസ്ഡ് ബ്രെഡ് (11 സെന്റ്), 800 ഗ്രാമിന്റെ ബ്രൗണ്‍ സ്ലൈസ്ഡ് ബ്രെഡ് (8 സെന്റ്), 2 ലിറ്റര്‍ ഫുള്‍ ഫാറ്റ് മില്‍ക്ക് (28 സെന്റ്), 500 ഗ്രാം ബട്ടര്‍ (29 സെന്റ്).
അതേസമയം വിദ്യാഭ്യാസരംഗത്തെ ചെലവ് ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 6.3% കുറഞ്ഞു. ഇതിന് പുറമെ വിലക്കുറവ് രേഖപ്പെടുത്തിയ ഏക മേഖല ഗതാഗതമാണ് (4.1% കുറവ്).
എന്നാല്‍ മെയ് മാസത്തില്‍ നിന്നും ജൂണിലേയ്ക്ക് എത്തുമ്പോള്‍ ഗതാഗതച്ചെലവ് 2.5% വര്‍ദ്ധിച്ചിട്ടുണ്ട്. വിനോദോപാധികള്‍, ഫര്‍ണ്ണിച്ചര്‍ എന്നിവയ്ക്കാണ് ഒരു മാസത്തിനിടെ ഏറ്റവും വില വര്‍ദ്ധിച്ചത്- 3.9%.
ഒരു മാസത്തിനിടെ ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയത് വീട്ടുപകരണങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ്. ഇവയുടെ വില 0.7% കുറഞ്ഞു.