അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്ന Criminal Law (Sexual Offences and Human Trafficking) Bill 2023 സര്‍ക്കാര്‍ അംഗീകരിച്ചു.
രാജ്യത്ത് നിലവിലെ നിയമപ്രകാരം, പരാതി നല്‍കിയയാള്‍ ലൈംഗികബന്ധത്തിന് സമ്മതം നല്‍കിയെന്ന് സത്യത്തില്‍ തെറ്റിദ്ധരിച്ചാണ് പീഡനം നടത്തിയതെങ്കില്‍, ആരോപണവിധേയനെ കുറ്റവിമുക്തനാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ സാധാരണ ഒരാള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടോ എന്ന് കൂടി പരിശോധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. അതായത് ആരോപണവിധേയന്, ഇരയില്‍ നിന്ന് സമ്മതം ലഭിച്ചുവെന്ന് വിശ്വസിച്ചാലും, കേസിലെ സാഹചര്യത്തില്‍ സാധാരണ ഒരു വ്യക്തി അത് സമ്മതമായി വിശ്വസിക്കുമോ എന്ന കാര്യം വിചാരണയില്‍ പരിശോധിക്കും.
‘Reasonable belief’ അഥവാ യുക്തിപരമായ വിശ്വാസമാണോ അത് എന്നതിനെ അടിസ്ഥാനമാക്കിയാകും കേസിലെ ബാക്കി കാര്യങ്ങള്‍. ഇര സമ്മതം നല്‍കിയെന്ന് ഉറപ്പാക്കാനായി ആരോപണവിധേയന് എന്ത് ചെയ്തുവെന്നും പരിശോധിക്കപ്പെടും.
ഇതിന് പുറമെ ആരോപണവിധേയന്റെ സ്വഭാവശുദ്ധിയെ പറ്റി ഒരു സാക്ഷി കോടതിയില്‍ പ്രസ്താവന നടത്തുകയാണെങ്കില്‍ ഇനിമുതല്‍ അത് പ്രതിജ്ഞയായോ, സത്യവാങ്മൂലമായോ നല്‍കുന്നതും ബില്‍ പ്രകാരം നിര്‍ബന്ധമാക്കും. അതായത് സ്വഭാവശുദ്ധിയെ പറ്റി നല്കുന്ന സാധാരണ കത്തുകള്‍ ഇനി കോടതിയില്‍ വായിക്കാന്‍ പറ്റില്ല. മാത്രമല്ല, സ്വഭാവശുദ്ധിയെ പറ്റിയുള്ള സാക്ഷിയുടെ പ്രസ്താവനയില്‍ സംശയം തോന്നിയാല്‍ കോടതിക്ക് സാക്ഷിയെ വിസ്തരിക്കുകയും ചെയ്യാം.
ഇരകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്കുന്ന തരത്തിലാണ് ബില്‍ എന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന് മക്കന്റീ പറഞ്ഞു.