ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നപരിഹാരത്തിനായി ഐറിഷ് പാർലമെന്റ് സ്പീക്കർ ഷോൺ ഓ ഫിയർഗേൽ പ്രത്യക താല്പര്യമെടുത്തു വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ജസ്റ്റിസ്, ആരോഗ്യ, എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് എന്നീ മൂന്ന് മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യാഗസ്ഥരും എം പി മാരായ ജൊവാൻ കോളിൻസ്, മിക് ബാരി എന്നിവരും മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവരും പങ്കെടുത്തു. പാർലമെന്റ് മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിൽ ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്കാണ് യോഗം ചേർന്നത്. എം പി മാരായ ജൊവാൻ കോളിൻസ്, മിക് ബാരി എന്നിവർ മെയ് മൂന്നിന് ഐറിഷ് പാർലമെന്റിൽ ഈ വിഷയങ്ങൾ ഉയർത്തിയപ്പോൾ പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്നും അതിനായി ഒരു ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മറുപടിയായി സ്പീക്കർ ഷോൺ ഓ ഫിയർഗേൽ പാർലമെന്റിൽ അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചു സ്ട്രാറ്റജിക് വർക്ക് ഫോഴ്സ് പ്ലാനിങ് പ്രിൻസിപ്പൽ ഓഫിസറും ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫിസറും ജസ്റ്റിസ് വകുപ്പിൽ 5 ഉന്നത ഉദ്യോഗസ്ഥരും എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പിനെ പ്രതിനിധീകരിച്ചു രണ്ടു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗാരംഭത്തിൽ തന്നെ സ്പീക്കർ ഇന്ത്യൻ നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും അയർലണ്ടിന് നൽകിവരുന്ന വിശിഷ്ട സേവനത്തെ പ്രകീർത്തിക്കുകയും പ്രത്യേകിച്ച് തന്റെ സ്വന്തം മണ്ഡലത്തിലെ ആശുപത്രികളിലെ നേരനുഭവം വിശദീകരിക്കുകയും ചെയ്തു. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഉടനെ പരിഹരിക്കണമെന്ന് സ്പീക്കർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
തുടർന്ന് വർഗ്ഗീസ് ജോയ്, ഐബി തോമസ്, രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവരും എം പി മാരായ ജൊവാൻ കോളിൻസ്, മിക് ബാരി എന്നിവരും വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. ഒന്നാമത്തെ ആവശ്യമായ QQI ലെവൽ 5 യോഗ്യത സംബന്ധിച്ച പ്രശ്നത്തിന് യോഗത്തിൽ തന്നെ പരിഹാരമായി. നഴ്സിംഗോ മറ്റു ഹെൽത്ത് കെയർ സംബന്ധമായോ യോഗ്യതകളോ ഉള്ള ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്കു QQI ലെവൽ 5 കോഴ്സ് ചെയ്യേണ്ടതില്ല എന്നും അവരുടെ തൊഴിൽ ദാതാവ് പൂരിപ്പിച്ചു നൽകേണ്ട ‘Sign off’ ഫോം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയെന്നും നഴ്സിംഗ് ഹോം അയർലണ്ട് (NHI) അടക്കമുള്ള തൊഴിൽദാതാക്കളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്കു അവരുടെ കുടുംബാങ്ങളെ കൊണ്ടുവരുന്നതിന് അവരുടെ കുറഞ്ഞ ശമ്പളം നിലവില്ലാതെ ചട്ടം അനുസരിച്ചു തടസ്സമുണ്ടെന്നും ഇക്കാര്യം ഉടനെത്തന്നെ പുനഃപരിശോധനക്ക് വിധേയമാക്കുമെന്നും ആരോഗ്യ, ജസ്റ്റിസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകി. ഇക്കാര്യത്തിൽ
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള സബ്മിഷൻ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതുകൂടാതെ ക്രിട്ടിക്കൽ സ്കിൽ പെർമിറ്റിൽ ഉൾപ്പെടുത്തേണ്ട ജോലികളെ സംബന്ധിച്ചുള്ള റിവ്യൂ നടന്നുവരികയാണെന്നും ഇക്കാര്യത്തിലും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള സബ്മിഷൻ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വേനലവധിക്ക് പിരിയുന്ന പാർലമെന്റ് സെപ്റ്റംബറിൽ വീണ്ടും സമ്മേളിക്കുമെന്നും അപ്പോഴേക്കും അനുകൂലമായ തീരുമാനമായില്ലെങ്കിൽ ഇതേ യോഗം സെപ്റ്റംബറിൽ വീണ്ടും വിളിച്ചുകൂട്ടുമെന്നും സ്പീക്കർ അറിയിച്ചു. യു കെ മാതൃകയിൽ ഹെൽത്ത്
കെയർ അസ്സിസ്റ്റന്റുമാർക്കു അയർലണ്ടിൽ എത്തി ഉടനെ തന്നെ അവരുടെ കുടുംബാങ്ങളെ കൊണ്ടുവരാനും അവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാനുമുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെടുകയും അത് പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകുകയും ചെയ്തു