അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കറുടെ ചിത്രം വടക്കന്‍ അയര്‍ലണ്ടിലെ തീക്കുണ്ഡത്തിന് മുകളില്‍ വച്ച് കത്തിച്ച സംഭവത്തില്‍ അന്വേണമാരംഭിച്ച് പൊലീസ്. Co Tyrone-ലെ Moygashel-ലാണ് തീക്കുണ്ഡത്തിന് മുകളില്‍ വരദ്കറുടെ ചിത്രവും, ഐറിഷ് പതാകയും വച്ച ശേഷം തീകൊളുത്തിയത്. സംഭവം വിവാദമയതോടെ വടക്കന്‍ അയര്‍ലണ്ടിലെ രാഷ്ട്രീയനേതാക്കളടക്കം ഇതിനെ അപലപിച്ചിരുന്നു.
ഇതിനെ വംശീയ കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണ് വടക്കന്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചിരിക്കുന്നത്.
1690-ല്‍ പ്രൊട്ടസ്റ്റന്റുകാരനായ വില്യം രാജാവ് (കിങ് വില്യം ഓഫ് ഓറഞ്ച്), കാത്തലിക് രാജാവായ ജെയിംസ് രണ്ടാമനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ പുതുക്കാനാണ് വടക്കന്‍ അയര്‍ലണ്ടില്‍ തീക്കുണ്ഡം കത്തിക്കുന്നത്. ബ്രിട്ടിഷ് രാജഭരണം പ്രൊട്ടസ്റ്റന്റ് രീതിയില്‍ തുടരാന്‍ വില്യം രാജാവിന്റെ വിജയം കാരണമായി.
ബ്രിട്ടനെ പിന്തുണയ്ക്കുന്ന ലോയലിസ്റ്റുകളുടെ ആഘോഷമാണ് തീക്കുണ്ഡം കത്തിച്ച് വിജയത്തിന്റെ ഓര്‍മ്മ പുതുക്കല്‍ എന്നത്.
വരദ്കറുടെ ചിത്രത്തിനും, ഐറിഷ് പതാകയ്ക്കുമൊപ്പം ഒരു കപ്പലിന്റെ രൂപം സ്ഥാപിച്ച്, ‘ഗുഡ് ഫ്രൈഡേ കരാറോ? അതിന്റെ കാലം കഴിഞ്ഞു (‘Good Friday Agreement? That ship has sailed’)’ എന്നും എഴുതിവച്ചിരുന്നു. 1998-ലെ ഗുഡ് ഫ്രൈഡേ കരാറിന്റെ ഒരു മാതൃകയും ഒപ്പം സ്ഥാപിച്ചിരുന്നു.
വടക്കന്‍ അയര്‍ലണ്ടിന്റെ ഭരണകാര്യം സംബന്ധിച്ച് 1998 ഏപ്രില്‍ 10-ന് യൂണിയനിസ്റ്റുകളും, ലോയലിസ്റ്റുകളും ചര്‍ച്ച നടത്തിയ ശേഷം ഒപ്പുവച്ച ധാരണാപത്രമാണ് ഗുഡ് ഫ്രൈഡേ കരാര്‍. ഇരു കക്ഷികളും ഭരണം പങ്കിടുമെന്നാണ് കരാര്‍ പ്രകാരം സമ്മതിച്ചത്.
അതേസമയം താന്‍ ഇക്കാര്യം ശ്രദ്ധിച്ചതായും, പക്ഷേ വടക്കന്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം യൂണിയനിസ്റ്റുകളടെയും ആഗ്രഹമാണിതെന്ന് കരുതുന്നില്ലെന്നും വരദ്കര്‍ പ്രതികരിച്ചു. ഗുഡ് ഫ്രൈഡേ കരാറില്‍ വീണ്ടും ചര്‍ച്ച നടക്കുന്നതിനെ എതിര്‍ക്കുന്ന ചെറിയൊരു വിഭാഗത്തിന്റെ ചെയ്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.