അയർലണ്ടിൽ പാൽ വില കുറച്ച് Lidl-ഉം Aldi-യും; വിലക്കുറവ് പ്രഖ്യാപിച്ച് Supervalu-ഉം

അയര്‍ലണ്ടിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ Lidl, Aldi എന്നിവ പാല്‍ വിലയില്‍ കുറവ് വരുത്തി. സ്വന്തം ബ്രാന്‍ഡുകളുടെ പാലിനാണ് ശനിയാഴ്ച മുതല്‍ 10 സെന്റ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ സമാനമായ വിലക്കുറവ് Supervalu-വും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ Lidl-ല്‍ രണ്ട് ലിറ്റര്‍ പാലിന് വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആയി കുറഞ്ഞു. ഉപഭോക്താക്കള്‍ക്കാകെ 3 മില്യണ്‍ യൂറോ ഇതുവഴി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു.

ദിവസേന വിപണിവില നിരീക്ഷിക്കുന്നതായും, ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും Aldi Ireland പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ 2 ലിറ്റര്‍ പാലിന്റെ വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആക്കി കുറയ്ക്കുമെന്നാണ് Supervalu പറഞ്ഞിരിക്കുന്നത്.

അയര്‍ലണ്ടിലെ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ പ്രതിപക്ഷ സമ്മര്‍ദ്ദമുണ്ടായിരുന്നു. സ്റ്റോറുകള്‍ അധികലാഭമുണ്ടാക്കുന്നതായാണ് ആരോപണമുയര്‍ന്നത്. പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാല്‍, ബട്ടര്‍, ബ്രെഡ് എന്നിവയ്ക്ക് വില കുറച്ചതോടെയാണ് രാജ്യത്ത് കൃത്രിമവില വര്‍ദ്ധന സൃഷ്ടിക്കുന്നതായുള്ള ആരോപണം ശക്തമായത്.

തുടര്‍ന്ന് നിര്‍മ്മാണച്ചെലവ് കുറഞ്ഞ വസ്തുക്കള്‍ക്ക് വില കുറയ്ക്കാമെന്ന് വ്യാപാരികള്‍ യോഗത്തിന് ശേഷം സമ്മതിച്ചതായി മന്ത്രി Neale Richmond അറിയിച്ചിരുന്നു.

ചിലര്‍ പണപ്പെരുപ്പത്തിനിടയിലും ലാഭമുണ്ടാക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞിരുന്നെങ്കിലും, പലചരക്ക് കച്ചവടക്കാര്‍ ഇതില്‍ പെടുന്നില്ലെന്ന് ഈയിടെ പുറത്തുവന്ന Competition and Consumer Protection Commission (CCPC) റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അധിക വില ഈടാക്കുന്നില്ലെന്നാണ് CCPC-യുടെ കണ്ടെത്തല്‍.

അതേസമയം നിര്‍മ്മാണച്ചെലവിലുണ്ടായ കുറവ്, ഉല്‍പ്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്നും CCPC വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: