ചുട്ടുപൊള്ളി അയർലണ്ട്; ജൂണിലെ താപനില 83 വർഷത്തിനിടെയുള്ള റെക്കോർഡിലേക്ക്

അയർലണ്ടിൽ 83 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ കാലമാണ് കടന്നു പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 1940 ജൂൺ മാസത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട താപനിലയെക്കാൾ അര ഡിഗ്രി എങ്കിലും ചൂട് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അയർലണ്ടിൽ ജൂൺ ആദ്യം അനുഭവപ്പെട്ട ശരാശരി താപനില 16C ആയിരുന്നു . ഈ മാസത്തിലെ ഏറ്റവും വലിയ കണക്കായ 28.8C താപനിലയാണ് Co Carlow-ലെ Oak Park-ൽ ജൂൺ 13-ന് രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം വർഷമാണ് ഈ പ്രദേശത്ത് 28 ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിൽ താപനില രേഖപ്പെടുത്തുന്നത്.

കടലിൽ നിന്നുള്ള ഉഷ്‌ണതരംഗം തീരദേശങ്ങളിലെ ചൂട് ക്രമാതീതമായി ഉയർത്തിയെങ്കിലും കാലാവസ്ഥയിലെ മാറ്റമാണ് താപനില ഉയരാൻ പ്രധാനകാരണമാകുന്നത്.

അയർലണ്ടിലെ 25-ൽ 23 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ജൂണിൽ ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യം കിഴക്കൻ തീരദേശക്കാറ്റ് മൂലം Phoenix Park-ലും ഡബ്ലിൻ Airport-ലും ചൂട് താരതമ്യേന കുറവായിരുന്നെങ്കിലും 1976 മുതലുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ കാലാവസ്ഥ തന്നെയാണ് ഇവിടങ്ങളിലും അടയാളപ്പെടുത്തിയത്.

ചൂടിന് ചെറിയ കുറവ് വന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം ഇത്തരത്തിൽ തുടർന്നാൽ അന്തരീക്ഷ താപനില ഇനിയും സർവകാല റെക്കോർഡിലേക്ക് ഉയരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

അതേസമയം അയർലണ്ടിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ അയർലണ്ടിൽ ഒമ്പത് ദിവസം ഇടിമിന്നലോട് കൂടിയ പെരുമഴയാണ് ഉണ്ടായത്. ഇത് ഡബ്ലിനിൽ പലസ്ഥങ്ങളിലും പ്രളയത്തിന് കാരണമായിരുന്നു.

നീണ്ടുനിൽക്കുന്ന ഇടിമിന്നലും മഴയും അയർലണ്ടിൽ സ്ഥിരം ഉണ്ടാകാറില്ല. നിലവിൽ അന്തരീക്ഷ താപനില കൂടുന്നത് വെള്ളത്തെ ചൂട് പിടിപ്പിക്കുന്നതായും കൊടുങ്കാറ്റോടു കൂടിയ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: