ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം നിയമപരമാക്കാൻ അയർലണ്ട്; ഉപയോഗത്തിന് നിയന്ത്രണങ്ങൾ വരും

അയര്‍ലണ്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിയമപരമാക്കാനുള്ള Road Traffic and Roads Act 2023-ല്‍ പ്രസിഡന്റ് Micheal D Higgins ചൊവ്വാഴ്ച (ജൂണ്‍ 27) ഒപ്പുവച്ചു. അയര്‍ലണ്ടില്‍ ഇതാദ്യമായാണ് ഇ-സ്‌കൂട്ടറുകള്‍ക്ക് നിയമപരമായ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ ഉപയോഗം നിയമപരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകള്‍ സര്‍വ്വസാധാരണമാണെങ്കിലും ഇവയുടെ ഉപയോഗം നിയമപരമല്ല. അതിനാല്‍ത്തന്നെ ഇവ ഉപയോഗിക്കുന്നതിന് പ്രത്യേക നിയമങ്ങള്‍ നിലനില്‍ക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇ-സ്‌കൂട്ടറുകളെ personal powered transporters (PPTs) എന്ന പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയമമുണ്ടാക്കാന്‍ തയ്യാറായതെന്ന് ഗതാഗതവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമപ്രകാരം PPTs-ന്റെ പവര്‍, സ്പീഡ്, ഭാരം എന്നിവയിലെല്ലാം മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഒപ്പം ഇവ ഓടിക്കുന്നതിനുള്ള സാങ്കേതികമായ അറിവും നിര്‍ബന്ധമാക്കിയേക്കും.

അതേസമയം നിയമത്തിന് സാധുത വരണമെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാലും ഈ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം നിയമവിരുദ്ധമായി തുടരും.

ഇയു അംഗരാജ്യങ്ങള്‍ക്ക് ഇത്തരം നിയമങ്ങള്‍ പാസാക്കണമെങ്കില്‍ ഇയു അംഗീകാരം ലഭിക്കണം. ഏകവിപണി നിയമപ്രകാരമാണിത്. ഇതിന് 12 ആഴ്ചയെങ്കിലും എടുക്കും. അതിനാല്‍ അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകളുടെ നിയമസാധുത നിലവില്‍ വരാന്‍ 2023 അവസാനമാകുമെന്നാണ് കരുതുന്നത്.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു.

നിയമം നടപ്പിലാകുന്നതോടെ യൂറോപ്യന്‍ കമ്പനികളായ Bolt, Voi, Zeus എന്നിവയെല്ലാം തങ്ങളുടെ ഇ-സ്‌കൂട്ടറുകളുമായി ഐറിഷ് നിരത്തുകളില്‍ സജീവമാകും. ഏറെക്കാലമായി ഇ-സ്‌കൂട്ടര്‍ കമ്പനികള്‍ കാത്തിരിക്കുന്ന നിയമമാണ് അയര്‍ലണ്ടില്‍ നടപ്പിലാക്കാന്‍ പോകുന്നത്.

അതേസമയം ഇ-സ്‌കൂട്ടറുകള്‍ക്കെതിരെ യൂറോപ്പില്‍ പലയിടത്തും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. വാടകയ്ക്ക് നല്‍കുന്ന ഇ-സ്‌കൂട്ടറുകള്‍ നിരോധിക്കണമെന്ന് പാരിസില്‍ ആവശ്യമുയര്‍ന്നപ്പോള്‍ ഇവയ്ക്ക് നമ്പര്‍ പ്ലേറ്റുകളും, റൈഡര്‍മാര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഇറ്റലി. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ ഇ-സ്‌കൂട്ടറുകള്‍ കാരണം 16 അപകടങ്ങള്‍ ഉണ്ടായതായി ഗാര്‍ഡ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: