അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ പറ്റി വിശദമായ അന്വേഷണത്തിന് പുറമെ നിന്നും വിദഗദ്ധയെ നിയോഗിച്ച് HSE. വടക്കന്‍ അയര്‍ലണ്ടില്‍ 40 വര്‍ഷത്തോളം സുരക്ഷാ നിരീക്ഷകയായി പ്രവര്‍ത്തിച്ച Jackie McIlroy ആണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്.
2020-ല്‍ രാജ്യത്തെ ഒരു നഴ്‌സിങ് ഹോമിലെ അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 11 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. വേറെ ഒമ്പത് പേര്‍ കൂടി പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചെങ്കിലും അതില്‍ HSE നടപടികളൊന്നും ഉണ്ടായില്ല. ഈ കേസ് പ്രത്യേകമായി അന്വേഷിക്കുന്ന Jackie McIlroy, HSE-യിലെ സുരക്ഷാക്രമീകരണങ്ങളെ പറ്റി ആഴത്തില്‍ പരിശോധന നടത്തുകയും ചെയ്യും. HSE തലവനായ Bernard Gloster-ന് നേരിട്ടാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അന്തേവാസിക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവവുമായി ബന്ധപ്പെട്ട National Independent Review Panels (NIRP) റിപ്പോര്‍ട്ട് RTE News-ന് നല്‍കിയിരുന്നെങ്കിലും, HSE ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്തേവാസിയുടെയും, നഴ്‌സിങ് ഹോമിന്റെയും പേരുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാലാണ് ഇതെന്നാണ് HSE മേധാവി Gloster പറയുന്നത്. ‘എമിലി’ എന്ന സാങ്കല്‍പ്പിക നാമത്തിലാണ് ഈ അന്തേവാസി അറിയപ്പെടുന്നത്. അതേസമയം സംഭവത്തെ പറ്റിയുള്ള ഒരു സംഗ്രഹം ഭാവിയില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് Gloster കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
National Independent Review Panels (NIRP) റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച ഒമ്പത് കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് Mary Lou McDonald കഴിഞ്ഞയാഴ്ച Dail-ല്‍ പറഞ്ഞിരുന്നു. വയോധികര്‍ക്കായുള്ള കെയര്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത് എത്തരത്തിലാണെന്ന് വിലയിരുത്തി, ആവശ്യമായ മാറ്റങ്ങള്‍ വരുത്താനായി പ്രത്യേക സംഘത്തെ നിയോഗിക്കുക, ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, ആരോപണങ്ങള്‍ ഗൗരവകരമായി എടുക്കുക അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പാനല്‍, സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കെയര്‍ ഹോമുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും McDonald ആവശ്യപ്പെട്ടിരുന്നു.
‘എമിലി’ കേസ് നിരാശാജനകവും, ഞെട്ടിക്കുന്നതുമാണെന്ന് മറുപടി പറഞ്ഞ പ്രധാനമന്ത്രി ലിയോ വരദ്കര്‍, എമിലിയുടെ വ്യക്തമായ മൊഴികളും, വൈകാരികമായ ശക്തിയുമാണ് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കാരണമായതെന്നും കൂട്ടിച്ചേര്‍ത്തു. കെയര്‍ ഹോമുകളില്‍ താമസിക്കുന്നവരിലും, അവരുടെ കുടുംബാംഗങ്ങളിലും ഭയം ജനിപ്പിക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഹോമുകളിലെ ജീവനക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നും, HSE-യുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലൈംഗികാരോപണങ്ങളില്‍ തുടരന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും വരദ്കര്‍ പറഞ്ഞു.
എമിലിക്ക് ഉണ്ടായ മാനസികാഘാതത്തിനും, ബുദ്ധിമുട്ടുകള്‍ക്കും HSE തലവന്‍ Bernard Gloster എമിലിയോടും, കുടുംബത്തോടും കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. കെയര്‍ ഹോമുകളില്‍ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും കൃത്യമായി മനസിലാക്കാന്‍ സാധിച്ചെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞ Gloster, Jackie McIlroy-യോട് ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്താനും, മുമ്പുണ്ടായ ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ആറാഴ്ചയ്ക്കുള്ളില്‍ McIlroy റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.