മുന്‍ ലേറ്റ് ലേറ്റ് ഷോ അവതാരകനായിരുന്ന Ryan Turbidy-ക്ക് രഹസ്യമായി ശമ്പളം കൂട്ടി നല്‍കിയത് വിവാദമായതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ ഔദ്യോഗിക ടിവി ചാനലായ RTE-യുടെ ഡയറക്ടര്‍ ജനറല്‍ രാജിവച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് താന്‍ രാജി സമര്‍പ്പിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ Dee Forbes പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
2017 മുതല്‍ Turbidy-ക്ക് 345,000 യൂറോ അധിക ശമ്പളമായി നല്കിയ കാര്യം പുറത്തുവന്നത് വലിയ വിവാദമായിരുന്നു.
RTE-യില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ആത്യന്തികമായി താന്‍ ഉത്തരവാദിയാണെന്ന് പറഞ്ഞ Forbes, പ്രശ്നം കാരണം RTE-ക്ക് ഉണ്ടായ നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നതായി ഇന്ന് (തിങ്കളാഴ്ച) രാവിലെ പുറത്തുവിട്ട രാജി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം Forbes-ന്റെ കാലാവധി ജൂലൈ 11-ന് അവസാനിക്കാനിരിക്കെയാണ് RTE-യെ പിടിച്ചുലച്ച വിവാദം. RTE-യുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍ കൂടിയാണ് വെസ്റ്റ് കോര്‍ക്ക് സ്വദേശിയായ Forbes. 2016-ലാണ് അവര്‍ RTE-യില്‍ സ്ഥാനമേല്‍ക്കുന്നത്.
ജൂലൈ 11-ന് Forbes സ്ഥാനമൊഴുയുന്നതോടെ പകരം Kevin Bakhurst സ്ഥാനമേറ്റെടുക്കുമെന്ന് RTE നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2020 മുതല്‍ Turbidy-ക്ക് അധികശമ്പളം നല്‍കാനുള്ള തീരുമാനം സാങ്കേതികമാണെന്ന് പ്രസ്താവനയില്‍ Forbes വിശദീകരിച്ചു. Turbidy-ക്ക് നല്കുന്ന തുകയില്‍ ഒരു ഭാഗം നല്‍കാമെന്നേറ്റ സ്പോണ്‍സര്‍മാര്‍ കോവിഡ് മഹാമാരി കാരണം പിന്‍വാങ്ങിയതിനാലാണ് കരാര്‍ പ്രകാരമുള്ള അധിക തുക നല്കാന് RTE ബാധ്യസ്ഥരായതെന്ന് Forbes പറഞ്ഞു. എന്നും താന്‍ വിശ്വസ്തയായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം 2020-2022 കാലഘട്ടത്തിലെ അധികശമ്പളവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് Forbes വിശദീകരണം നല്‍കിയിരിക്കുന്നത്. അതിന് മുമ്പുള്ള സംഭവങ്ങളില്‍ തനിക്ക് അറിവില്ലെന്ന് അവര്‍ പറഞ്ഞു. വിവാദത്തിന് ശേഷമുള്ള ചോദ്യം ചെയ്യലില്‍ RTE Board തന്നോട് മോശമായാണ് പെരുമാറിയതെന്നും, അത് തന്റെ ആരോഗ്യത്തെ ഗൗരവകരമായി ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
RTE സ്വത്വപ്രതിസന്ധി നേരിടുന്നുവെന്ന് പറഞ്ഞ പ്രക്ഷേപണവകുപ്പ് മന്ത്രി Catherine Martin, RTE-യിലെ പ്രവര്‍ത്തങ്ങളെപ്പറ്റി ഒരു സ്വതന്ത്രപരിശോധന നടത്തുമെന്ന് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.