അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കാവന് ഇന്ത്യന്‍ അസോസിയേഷന് അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് Ballinagh Community ഹാളിലാണ് ഫെസ്റ്റ്. ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം വര്‍ണ്ണശബളമായ പരിപാടികളാണ് നടക്കുന്നത്.
സോള്‍ ബീറ്റ്സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ തമിഴ് പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്.
ഡബ്ലിന്‍ കേന്ദ്രീകരിച്ച് തമിഴ്നാട് സ്വദശേികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ‘ദോശ ദോശ’യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വ്യത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. ഫുഡ് ഫെസ്റ്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ശാഖകളുള്ള പ്രസിദ്ധമായ ഇന്ത്യന്‍ റസ്റ്ററന്റായ സ്പൈസ് ഇന്ത്യയുടെ സ്പെഷ്യല്‍ സ്റ്റോറും കാവന് ഇന്ത്യന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫുഡ് ഫെസ്റ്റില്‍ അവരുടെ രുചിയേറിയ ഫുഡ് വെറൈറ്റികളുമായി എത്തുന്നതാണ്. ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ഗോള്‍വേ, മുള്ളിന്ഗര്, അത്ലോണ്, ലോങ്ഫോര്‍ഡ്, കാരിക്ക് ഓണ്‍ ഷാനന് എന്നിവിടങ്ങളിലാണ് സ്പൈസ് ഇന്ത്യയുടെ ബ്രാഞ്ചുകള്‍.
കാവന് സോഫ്റ്റ് ഐസ്ക്രീം, തങ്ങളുടെ വാനില്‍ ഐസ്ക്രീം, പോപ്പ് കോണ്‍, വിവിധ തരത്തിലുള്ള കോഫികള്‍ തുടങ്ങിയവ ലഭ്യമാക്കും. കൂടാതെ, ബര്‍ഗര്‍, സോസ്സെജ് തുടങ്ങിയവയുമായി ലൈവ് കുക്കിങ്ങുമായി മറ്റൊരു വാനും ഈ വര്‍ഷത്തെ ഫുഡ് ഫെസ്റ്റിനെ വൈവിധ്യമാക്കും.
അയര്‍ലണ്ടിലെമ്പാടുമുള്ള ഏതൊരു ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇതൊരു നല്ല വിരുന്നു തന്നെയായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ റോയല്‍ സ്പെയ്സ് ലാന്‍ഡ്, വിശ്വാസ്, റോയല്‍ കേറ്ററിംഗ്, ജസ്റ്റ് റൈറ്റ് ഓവര്‍സീസ്, ക്യാപ്റ്റന്‍ സി.എഫ്.ഒ. എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

