കോര്‍ക്കിലെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കാനുള്ള Transport Infrastructure Ireland (TII)-യുടെ നിര്‍ദ്ദേശം എതിര്‍പ്പുകളോടെ അംഗീകരിച്ച് കൗണ്ടി കൗണ്‍സിലര്‍മാര്‍. കൗണ്ടിയിലെ പല റോഡുകളിലും അപകടസാധ്യതകളുണ്ടെന്നും, എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് വേഗപരിധി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ TII തീരുമാനമെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ വിമര്‍ശനമുന്നയിച്ചു.
തന്റെ മുനിസിപ്പല്‍ ഡിസ്ട്രിക്ടിലെ Raffen junction വളരെയേറെ അപകടസാധ്യതയുള്ള പ്രദേശമാണെന്ന് Carrigaline-ല്‍ നിന്നുള്ള കൗണ്‍സിലറായ Marcia D’Alton യോഗത്തില്‍ പറഞ്ഞു. ഇവിടുത്തെ N28, R610 റോഡുകള്‍ ഒരുമിക്കുന്ന ജങ്ഷനിലെ വേഗപരിധി പുനഃപരിശോധിക്കണമെന്ന് താന്‍ പലതവണ TII-യോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് Marcia D’Alton പറഞ്ഞു.
വേഗപരിധി വര്‍ദ്ധിപ്പിക്കാനുള്ള TII നിര്‍ദ്ദേശം താന്‍ അംഗീകരിക്കുകയാണെങ്കില്‍, തന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കളുടെ കുടുംബങ്ങള്‍, മണ്ഡലത്തിലെ ജനങ്ങള്‍ എന്നിവരെ കൊലയ്ക്ക് കൊടുക്കുന്നത് പോലെയാണെന്നും D’Alton പറഞ്ഞു.
ഈ ജങ്ഷന്‍ വഴി ദിവസേന നിരവധി പേര്‍ യാത്ര ചെയ്യുന്നതായും, ഇവിടെ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും Carrigaline-ലെ Fianna Fail കൗണ്‍സിലറായ Seamus McGrath-ഉം പറഞ്ഞു.
റോഡിലെ വേഗപരിധി സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ TII അനുകൂല നടപടികളെടുക്കാത്തതില്‍ കൗണ്ടി മേയര്‍ കൂടിയായ കൗണ്‍സിലര്‍ Danny Collins അടക്കമുള്ളവര്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. തന്റെ മുനിസിപ്പല്‍ ഡിസ്ട്രിക്ടായ വെസ്റ്റ് കോര്‍ക്കില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെങ്കില്‍ ഡ്രൈവര്‍ക്കൊപ്പം മറ്റൊരാള്‍ ഇരുന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് Bantry/Skibbereen മണ്ഡലത്തില്‍ വേഗപരിധി പുനഃക്രമീകരിച്ചപ്പോള്‍ തങ്ങളുടെ ആശങ്കകളൊന്നും TII ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളാണ് ഇവിടെ ജീവിക്കുന്നതെന്നും, ഇവിടെ എവിടെയെല്ലാം അപകടസാധ്യതയുണ്ടെന്ന് തങ്ങള്‍ക്കാണ് ബോധ്യമുള്ളതെന്നും മേയര്‍ വ്യക്തമാക്കി.
അതേസമയം കോര്‍ക്കിലെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ് പുതിയ വേഗപരിധി നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടിവായ Tim Lucey, നിര്‍ദ്ദേശം പാസാക്കാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പല റോഡുകളിലും വേഗത കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ഇതിലുണ്ടെന്നും, പാസാക്കാത്ത പക്ഷം അവിടങ്ങളില്‍ അപകട ഭീഷണി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നായിരുന്നു എതിര്‍പ്പുകളോടെയാണെങ്കിലും നിര്‍ദ്ദേശം കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചത്. ജൂലൈ 1 മുതല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരും.
അതേസമയം ഇക്കാര്യത്തില്‍ തര്‍ക്കം വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൗണ്ടി കൗണ്‍സിലുമായി ചര്‍ച്ച നടത്തുമെന്ന് TII വക്താവ് പ്രതികരിച്ചു. റോഡുകളിലെ വേഗപരിധി പുനഃപരിശോധിക്കാനുള്ള കാലയളവ് അഞ്ചില്‍ നിന്നും രണ്ട് വര്‍ഷമാക്കി കുറയ്ക്കാന്‍ TII-യ്ക്ക് കത്തു നല്‍കാന്‍ കൗണ്‍സിലര്‍മാരും തീരുമാനിച്ചിട്ടുണ്ട്.