ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് പ്രതിസന്ധി പരിഹരിക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് Ryanair

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ Ryanair മുന്നോട്ടുവച്ച നിര്‍ദ്ദേശം തള്ളി എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ DAA. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ആവശ്യത്തിന് കാര്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലിയ അസൗകര്യമാണ് നേരിടുന്നത്. കഴിഞ്ഞ വാരാന്ത്യം ആകെയുള്ള 23,000 കാര്‍ പാര്‍ക്കിങ് സ്‌പേസുകളിലേയ്ക്കുള്ള ടിക്കറ്റുകളും വിറ്റുപോയതിനാല്‍, പാര്‍ക്കിങ് ലഭിക്കാത്തവര്‍ പൊതുഗതാഗതസൗകര്യം ഉപയോഗിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

പാര്‍ക്കിങ് പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ DAA-യ്ക്ക് കീഴില്‍ എയര്‍പോര്‍ട്ടിന് സമീപത്തായി തന്നെ ധാരാളം സ്ഥലമുണ്ടെന്നും അത് താല്‍ക്കാലിക കാര്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കാമെന്നുമായിരുന്നു വിമാനക്കമ്പനിയായ Ryanair നിര്‍ദ്ദേശം വച്ചത്. Dublin Airport Driving Range പോലുള്ള സ്ഥലങ്ങളായിരുന്നു Ryanair ഉദ്ദേശിച്ചത്. ഇതുവഴി പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാനും, കാര്‍ പാര്‍ക്കിങ് ഫീസ് കുറയ്ക്കാനും സാധിക്കുമെന്നായിരുന്നു Ryanair വക്താവ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഈ നിര്‍ദ്ദേശം എളുപ്പവഴിയാണെന്ന് പറഞ്ഞ DAA വക്താവ്, തങ്ങള്‍ ഇവിടെ കൗണ്ടി ഉത്സവം നടത്തുകയല്ലെന്നും പ്രതികരിച്ചു. പ്ലാനിങ് പെര്‍മിഷനോടെ മാത്രമേ കാര്‍ പാര്‍ക്കിങി നിര്‍മ്മിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ അഞ്ചാമത്തെ വലിയ ട്രാന്‍സ് അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ടാണ് DAA നടത്തുന്നതെന്നും, അല്ലാതെ കൗണ്ടി ഉത്സവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കാര്‍ പാര്‍ക്കിങ് നിര്‍മ്മിക്കാനായി പ്ലാനിങ് അനുമതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് DAA പറയുന്നത്. നേരത്തെ പൂട്ടിപ്പോയ Quick Park പാര്‍ക്കിങ് ഏരിയ ഏറ്റെടുക്കാനുള്ള DAA-യുടെ ശ്രമം നിലവില്‍ Competition and Consumer Protection Commission (CCPC) പരിഗണനയിലാണ്.

അതേസമയം DAA-യുടെ തന്ത്രമാണ് ഇതെന്നും, തങ്ങളുടെ കാര്‍ പാര്‍ക്കില്‍ സ്ഥലം പോരെന്ന് കാട്ടി QuickPark ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നും Ryanair വിമര്‍ശിച്ചു. ഇതുവഴി കാര്‍ പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ കുത്തക നേടാനാണ് DAA ശ്രമിക്കുന്നതെന്നും Ryanair പറയുന്നു. എയര്‍പോര്‍ട്ട് ഫീസ് കുറയ്ക്കണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: