ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ ദിനത്തിൽകേരള ഹൗസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സ്പോർട്സ് ക്യാമ്പസ് ബ്രാഞ്ചസ് ടൗണിൽ വച്ച് നടന്ന അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും ആയി 32 ടീമുകൾ പങ്കെടുത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.
10 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കാസിൽലാൻഡ് എഫ് സി യുടെ ചുണക്കുട്ടികൾ ഡബ്ലിൻ റേഞ്ചേഴ്സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ചാമ്പ്യന്മാരായി.
13 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിന്റെ ഫൈനലിൽ ഫ്രോസൺ ഫുഡ് വിപണന രംഗത്തെ അതികായന്മാരായ ഡെയിലി ഡിലൈറ്റ് അണിനിരത്തിയ ഡെയിലി ഡിലൈറ്റ് ബോയ്സ് കരുത്തരായ ബ്ലാക്ക് റോക്ക് എഫ്സിയെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.
15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടിലാണ് ബ്ലാഞ്ചാസ്ടൌൺ ടൈഗേഴ്സിനെ പരാജയപ്പെടുത്തി ഫിങ്ക്ളാസ് ബ്ലാസ്റ്റേഴ്സ്കപ്പ് ഉയർത്തിയത്.
30 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിലെ വമ്പൻ ടീമുകളെ എല്ലാം തുരത്തിക്കൊണ്ട് റിബൽസ് കോർക്കും കെറി വാരിയേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരേയൊരു ഗോളിന് കോർക്ക് ചാമ്പ്യന്മാർ ആവുകയായിരുന്നു.
12 ടീമുകൾ മാറ്റുരച്ചഏറ്റവും ആവേശകരമായ 30 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ലിമെറിക്കിൽ നിന്നും വന്ന റിഡിറി എഫ് സി ഡബ്ലിനിലെ താലായിൽ നിന്നുള്ള ഫോർസ്റ്റാർ എഫ് സി യെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ മറികടന്ന് കഴിഞ്ഞവർഷത്തെ ട്രോഫി നിലനിർത്തുകയാണ് ഉണ്ടായത്.
മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 17 ശനിയാഴ്ച ലൂക്കൻ വില്ലേജിൽ വച്ച് നടക്കുന്ന മെഗാ കാർണിവലിൽ വച്ച് ട്രോഫികൾ വിതരണം ചെയ്യുന്നതാണ്.
ഫുട്ബോൾ മത്സരങ്ങളുടെ ട്രോഫികളും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തിരിക്കുന്നത് Le divano Italia ഫർണിച്ചേഴ്സ്,
Spice village,Just right overseas studies limited എന്നിവരാണ്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും കാർണിവൽ ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.