പൊതുവെ കേസുകളില്‍ കുട്ടികള്‍ കുറ്റക്കാരാകുന്നത് കുറഞ്ഞെങ്കിലും, അയര്‍ലണ്ടില്‍ കൊലപാതകം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, മയക്കുമരുന്ന് ഉപയോഗിക്കല്‍, കൊള്ള, തോക്ക് അടക്കമുള്ള ആയുധങ്ങളുടെ ഉപയോഗം എന്നീ കേസുകളില്‍ പെടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ആരംഭിച്ച വര്‍ഷമായ 2020-ലെ കണക്കുകളാണിത്.
ഇവയ്ക്ക് പുറമെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക/കൈവശം വയ്ക്കുക, മൃഗങ്ങളെ ഉപദ്രവിക്കുക, റോഡ്‌നിയമം ലഘിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായതായി Garda Youth Diversion Programme (GYDP) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 18-ന് വയസിന് താഴെയുള്ളവരെയാണ് കുട്ടികളും കൗമാരക്കാരുമായി കണക്കാക്കുന്നത്.
അതേസമയം 2019-നെ അപേക്ഷിച്ച് 2020-ല്‍ കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ 12 ശതമാനത്തിലേറെ കുറവ് സംഭവിച്ചിട്ടുണ്ട്. 2020-ല്‍ ഇത്തരം 16,301 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, 2019-ല്‍ ഇത് 18,551 ആയിരുന്നു.
എന്നാല്‍ ഉണ്ടായ കേസുകള്‍ പരിശോധിക്കുമ്പോള്‍ 2020-ല്‍ കൊലപാതകത്തിന് പിടിക്കപ്പെട്ട കുട്ടികളുടെ എണ്ണം നാലായി ഉയര്‍ന്നു. 2019-ല്‍ ഇത് രണ്ടായിരുന്നു. ഒപ്പം 2020-ല്‍ കൊലപാതകശ്രമത്തിന് അ#്ച് കുട്ടികളും പിടിയിലായി.
2020-ല്‍ കൊലപാതകഭീഷണി മുഴക്കിയതിനും, ആക്രമിച്ചതിനും പിടിയിലായത് 74 കുട്ടികളാണ്. 2019-നെക്കാള്‍ 61% അധികമാണിത്. കൊള്ള നടത്തിയതിന് പിടിയിലായത് 299 പേരാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 13% അധികമാണിത്.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 2020-ല്‍ 1,926 കുട്ടികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2019-നെ അപേക്ഷിച്ച് 8% ആണ് വര്‍ദ്ധന. അതേസമയം ഇതില്‍ മിക്ക കേസുകളും നിയമവിരുദ്ധമായ വസ്തു കൈവശം വച്ചു എന്നതിന് മാത്രമാണ്.
തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതിന് 2020-ല്‍ 537 കേസുകളിലാണ് കുട്ടികള്‍ പ്രതികളായത്. 9% ആണ് മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധന.
മോഷണം ആണ് ഏറ്റവുമധികം കുട്ടികള്‍ ചെയ്ത കുറ്റം. 2020-ല്‍ 4,005 കുട്ടികളാണ് ഇത്തരം കേസുകളില്‍ പിടിയിലായത്. കുട്ടികള്‍ക്കെതിരായ ആകെ കേസുകളില്‍ 25% വരും ഇത്. എന്നാല്‍ 2019-നെക്കാള്‍ 29% കുറവാണിത്.
പീഡനം അടക്കമുള്ള കുട്ടികള്‍ ഉള്‍പ്പെട്ട 336 ലൈംഗികകുറ്റകൃത്യങ്ങള്‍ 2020-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 53 എണ്ണം പീഡനമാണ്. 2019-നെ അപേക്ഷിച്ച് 16% കുറവാണിത്.
അതേസമയം ചൈല്‍ഡ് പോണോഗ്രാഫിയുമായി ബന്ധപ്പെട്ട കേസുകള്‍ 42% ഉയര്‍ന്ന് 78 ആയി.
റോഡ്‌നിയമം ലംഘിച്ചതിന് കുട്ടികള്‍ പിടിയിലായ കേസുകള്‍ 1,405 ആണ്. വര്‍ദ്ധന 7%.
കുട്ടികള്‍ മൃഗങ്ങള്‍ക്ക് നേരെ അക്രമം കാട്ടിയ സംഭവങ്ങള്‍ 25 ആണ്. കോവിഡ് നിയമം ലംഘിച്ചതിന് 37 പേരും പിടിയിലായി.
കോടതിയിലല്ലാതെ കുട്ടികള്‍ പിടിക്കപ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 2003-ലാണ് Garda Youth Diversion Programme (GYDP) രൂപീകരിച്ചത്. കേസുകളില്‍ പ്രതികളാകുന്ന 12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെ കോടതിയില്‍ കൊണ്ടുവരും മുമ്പ് GYDP-യില്‍ എത്തിക്കും. GYDP ഗാര്‍ഡ സൂപ്രണ്ടാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കണോ അതോ പ്രതി GYDP-യില്‍ തുടരണോ എന്ന് തീരുമാനിക്കുക.