അയര്‍ലണ്ടില്‍ നടക്കുന്ന കൊള്ളകള്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 മാര്‍ച്ച് വരെയുള്ള 12 മാസങ്ങള്‍ക്കിടെയുണ്ടായ കൊള്ളകള്‍, കോവിഡിന് മുമ്പുള്ള 2018, 2019 കാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 46% കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കാണിത്.
രാജ്യത്തെ കൊള്ള, മോഷണം എന്നിവയ്ക്ക് തടയിടാനായി Operation Thor Winter Phase, Operation Thor Summer Phase എന്നീ ഓപ്പറേഷനുകള്‍ വിന്റര്‍, സമ്മര്‍ സീസണുകളിലായി ഗാര്‍ഡ നടത്തിവരുന്നുണ്ട്.
2021-2022 കാലഘട്ടത്തിലെ Operation Thor Winter Phase-നെ അപേക്ഷിച്ച് 2022-2023 കാലഘട്ടത്തിലെ ഓപ്പറേഷന്റെ ഭാഗമായി വീടുകളിലെ കൊള്ളകള്‍ 21.6% കുറഞ്ഞിട്ടുണ്ട്. 2022-23 കാലത്ത് 2,988 കൊള്ളകള്‍ നടന്നപ്പോള്‍, 2021-22-ല്‍ ഇത് 3,804 ആയിരുന്നു.
2015-ല്‍ Operation Thor ആരംഭിച്ച ശേഷം വീടുകളില്‍ നടക്കുന്ന കൊള്ളസംഭവങ്ങള്‍ 75% കുറഞ്ഞിട്ടുണ്ട്. 2014-15- Operation Winter Phase കാലത്ത് 12,057 കൊള്ളകളാണ് വീടുകളില്‍ നടന്നതെങ്കില്‍, 2022-23-ല്‍ അത് 2,988 ആയി കുറഞ്ഞു.
2022-23 കാലത്തെ Operation Thor Winter Phase-ല്‍ 957 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,279 പരിശോധനകള്‍ നടത്തുകയും, 22,655 ചെക്ക്പോയിന്റുകള് സ്ഥാപിക്കുകയും ചെയ്തു. 133,531 പട്രോളിങ്ങുകളാണ് ഗാര്‍ഡ ഈ കാലയളവില്‍ നടത്തിയത്.