മനുഷ്യരില്‍ ഗുരുതരമായ ഹൃദയാഘാതം ഏറ്റവും കൂടുതലായി സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണെന്ന് ഗവേഷകര്‍. Belfast Health and Social Care Trust, അയര്‍ലണ്ടിലെ Royal College of Surgeons എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യു.കെയിലെ മാഞ്ചസ്റ്ററില്‍ നടന്ന British Cardiovascular Society (BCS) സമ്മേഷനത്തിലാണ് പഠനഫലം അവതരിപ്പിച്ചത്.
പ്രതീക്ഷിക്കുന്നതിലും 13% ശക്തമായ ഹൃദയാഘാതമാണ് തിങ്കളാഴ്ചകളില്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐറിഷ് ദ്വീപിലെ 10,528 ഹൃദ്രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇതില്‍ 7,112 പേര്‍ അയര്‍ലണ്ടിലും, 3,416 പേര്‍ വടക്കന്‍ അയര്‍ലണ്ടിലും ഉള്ളവരാണ്.
2013 മുതല്‍ 2018 വരെ ശക്തമായ ഹൃദയാഘാതം സംഭവിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. പ്രധാന കൊറോണറി ആര്‍ട്ടറികളില്‍ ഒന്ന് മുഴുവനായും ബ്ലോക്ക് ആകുമ്പോള്‍ സംഭവിക്കുന്ന ST-segment elevation myocardial infarction (STEMI) എന്ന തരം ഗുരുതര ഹൃദയാഘാതമാണ് ഇവര്‍ക്ക് ഉണ്ടായത്.
ഇവരില്‍ ഏറ്റവുമധികം പേര്‍ക്ക് ഹൃദയാഘാതമുണ്ടായത് തിങ്കളാഴ്ചയാണ്. എന്നാല്‍ ‘Blue Monday’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം എങ്ങനെ സംഭവിക്കുന്നു എന്നതിന് വ്യക്തത നല്‍കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു ആഴ്ചയില്‍ തൊഴില്‍ ആരംഭിക്കുന്ന ദിവസമാണ് തിങ്കള്‍ എന്നതും ഓര്‍മ്മിക്കണം.
അതേസമയം മുന്‍പഠനങ്ങള്‍ പ്രകാരം, മനുഷ്യന്റെ ഉറക്കം, ഉണര്‍ച്ച എന്നീ ചക്രങ്ങളുടെ circadian rhythm-മായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ ‘Blue Monday’ സംഭവിക്കുന്നതെന്നാണ് കരുതിപ്പോരുന്നത്.
STEMI ഹൃദയാഘാതം സംഭവിച്ചാല്‍, ബ്ലോക്ക് ആകപ്പെട്ട കൊറോണറി ആര്‍ട്ടറി തുറന്ന് നടത്തുന്ന അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വഴിയാണ് ഇവരുടെ ജീവന്‍ രക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് തിങ്കളാഴ്ചകളില്‍ ഇവ കൂടുതലായി സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ ഇനിയും പഠനം ആവശ്യമാണെന്നും, അത് കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.