ഈ വർഷം ജനുവരി മുതൽ സമർപ്പിച്ച ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് അപേക്ഷകൾ വലിയ തോതിൽ നിരസിക്കപ്പെടുന്നതായി പരാതി ഉയർന്നു വരികയും നൂറുകണക്കിന് നഴ്സുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പിന് പുറത്തുനിന്നുള്ള, പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ആയിരത്തിലേറെ നഴ്സുമാരെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ പ്രശ്നമില്ലാതിരുന്നതും വളരെ നിസ്സാരങ്ങളുമായ കാരണങ്ങൾ പറഞ്ഞാണ് ഓരോ അപേക്ഷകളും തള്ളിയിരിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം നഴ്സുമാരുടെയും അപേക്ഷകൾ ഒന്നിലേറെ തവണ തള്ളിയിട്ടുണ്ട്.
ഓരോ തവണ അപേക്ഷ സമർപ്പിക്കുമ്പോഴും 250 യൂറോ അടക്കേണ്ടിവരികയും അപേക്ഷ തള്ളുമ്പോൾ ഫീസ് മടക്കി നൽകുന്നില്ല എന്നതാണ് നഴ്സുമാർ നേരിടേണ്ടിവരുന്ന വിഷമം. ഈ വർഷം ജനുവരി മുതൽ മാർച്ചു വരെ സമർപ്പിച്ച അപേക്ഷകളിൽ 60% അപേക്ഷകളും നിരസിക്കപ്പെട്ടു എന്ന വിവരവും ഈ മൂന്നു മാസങ്ങളിലെ മൊത്തം നിരസിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം 2022ൽ മൊത്തം നിരസിക്കപ്പെട്ടു അപേക്ഷകളേക്കാൾ കൂടുതലാണ് എന്ന വിവരവും മൈഗ്രന്റ് നഴ്സസ് അയർലൻഡിന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനാൽ നഴ്സുമാർക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ വലിയതാണ്. പലരും ഗൾഫിലും മറ്റു രാജ്യങ്ങളിലും ഉള്ള ഉയർന്ന ശമ്പളമുള്ള ജോലി രാജിവെക്കുകയും അയർലണ്ടിലേക്ക് വരാൻ തയ്യാറെടുക്കയും ചെയ്തതിനാൽ നിലവിൽ വരുമാനമില്ലാത്ത അവസ്ഥയിൽ എത്തിക്കഴിഞ്ഞു.
ഇതിനുപുറമെ ഓരോ തവണ അപേക്ഷ തല്ലുമ്പോഴും 250 യൂറോ അടക്കേണ്ടിവരികയും ചെയ്യുന്നു. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഈ വിഷയം ഏറ്റെടുക്കുകയും താഴെപ്പറയുന്ന നടപടികൾ എടുക്കുകയും ചെയ്തു:
- ഈ വിഷയം അറിഞ്ഞ ഉടൻ ഇത് INMO ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
- ഏപ്രിൽ 24ന് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ആർ ടി ഇ (RTE) റേഡിയോയുടെ ക്ലെയർ ബേൺ ഷോക്കു കൊടുത്ത ഇന്റർവ്യൂവിൽ ഈ വിഷയം ഉന്നയിച്ചു. ഇതിന്റെ ഭാഗമായി ആർ ടി ഇ ജേർണലിസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനെ ബന്ധപ്പെടുകയും മറുപടി ആവശ്യപ്പെടുകയും ചെയ്തു.
- മെയ് 24ന് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയിയും ജോയിന്റ് കൺവീനർ ഐബി തോമസും യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്റെ (UCD) ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ കമ്മിറ്റിക്കു വേണ്ടി നടത്തിയ പ്രെസന്റേഷനിൽ ഈ വിഷയം അവതരിപ്പിച്ചു. ആ വേദിയിൽ സന്നിഹിതനായിരുന്നു NMBI ഡയറക്ടർ ഓഫ് റെജിസ്ട്രേഷൻ റേ ഹീലിയോട് ഈ വിഷയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നഴ്സുമാർക്ക് ഡിസിഷൻ ലെറ്ററിന്റെയും IELTS/OET വാലിഡിറ്റി നീട്ടിക്കൊടുക്കാൻ നടപടി എടുക്കണമെന്നും അഭ്യർത്ഥിച്ചു.
- മെയ് 24ന് ആയിരത്തിലേറെ വരുന്ന പ്രശ്നബാധിതരുടെ പ്രതിനിധികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഓൺലൈനിൽ ഈ വിഷയം ചർച്ച ചെയ്തു.
- മെയ് 25ന് നാഷണൽ ട്രെഷറർ സോമി തോമസ്, മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ ചിൽഡ്രൻ, ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ മന്ത്രി റോഡറിക്ക് ഓ ഗോർമാനെ നേരിട്ട് കണ്ട് ഈ വിഷയം പരിഹരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.
- ഈ വിഷയത്തിൽ ഒരു പെറ്റീഷൻ തയ്യാറാക്കുകയും അത് പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, ജസ്റ്റിസ് മന്ത്രി, ചിൽഡ്രൻ, ഇക്വാലിറ്റി, ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ മന്ത്രി, Health Service Executive (HSE) സി ഇ ഓ, INMO ജനറൽ സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ചു.
- വിവിധ മാധ്യമങ്ങളെ ബന്ധപ്പെടുകയും വിഷയം അവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
- ഇതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് പ്രതിനിധിയായ NMBI ബോർഡ് മെമ്പർ മിട്ടു ആലുങ്കൽ മുഖേന ഈ വിഷയം NMBI ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കാൻ നടപടികൾ കൈക്കൊള്ളും.
ഈ വിഷയം പൂർണമായി പരിഹരിക്കുന്നതുവരെ തുടർനടപടികൾക്കായി മുന്നോട്ടു പോകുമെന്ന് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.