കൗണ്ടി ഡോണഗലിലെ Rory Gallagher Festival-നിടെ ഫുഡ് വാനിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പൊള്ളൽ. Ballyshannon-ല്‍ നടന്ന ഫെസ്റ്റിവലിനിടെ ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ഫുഡ് വാനിന് തീപിടിക്കുകയായിരുന്നു.
Ballyshannon ടൗണില്‍ ജനിച്ച പ്രശസ്തനായ ഗിറ്റാറിസ്റ്റ് Rory Gallagher-ന് ആദരം അര്‍പ്പിക്കുന്നതിനായി ഡസന്‍ കണക്കിന് ബാന്‍ഡുകള്‍ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു ഫെസ്റ്റിവലില്‍. ആയിരക്കണക്കിന് പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ടൗണിലേയ്ക്കുള്ള പ്രവേശനകവാടത്തിന് സമീപമായിരുന്നു തീപിടിച്ച വാന്‍ ഉണ്ടായിരുന്നത്.
ഫയര്‍ എക്‌സിറ്റിന്‍ഗ്വിഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഗാർഡയും, ആംബുലൻസ് സർവീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.
വാന്‍ പ്രദേശത്ത് നിന്നും എടുത്ത് മാറ്റിയതായും, തീപിടിത്തത്തിന്റെ കാരണം അന്വേിക്കുമെന്നും അദികൃതര്‍ അറിയിച്ചു. തീപിടിക്കുന്നതിന് മുമ്പ് എന്തോ വസ്തു പൊട്ടിത്തെറിച്ച ശബ്ദം കേട്ടുവെന്ന് ഫെസ്റ്റിവലിന് എത്തിയവര്‍ പറഞ്ഞിരുന്നു.