യാത്രക്കാരനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയായ 48-കാരനെ വടക്കന്‍ അയര്‍ലണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
തോക്ക് കൈവശം വയ്ക്കുക, ആക്രമിക്കാന്‍ ശ്രമിച്ച് ഭയം സൃഷ്ടിക്കുക, വധഭീഷണി, മയക്കുമരുന്ന് കൈവശം വയ്ക്കുക, അക്രമം എന്നിങ്ങനെ നിരവധി വകുപ്പുകളും ഇയാള്‍ക്ക് മേല്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ടാക്സി കമ്പനിയായ Fonacab-ലെ ഡ്രൈവറായിരുന്നു ഇയാള്‍. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാളെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇയാള്‍ ഭീഷണിപ്പെടുത്തിയ യാത്രക്കാരന്, കമ്പനി വഴി ബുക്ക് ചെയ്തതല്ലെന്നും, സംഭവം നടക്കുന്ന സമയത്ത് ഡ്രൈവര്‍ കമ്പനിയുടെ ഓട്ടത്തില്‍ അല്ലായിരുന്നുവെന്നും Fonacab പറഞ്ഞു.