അയർലണ്ടിൽ തരംഗം തീർത്ത് മലയാളികളുടെ സ്വന്തം ബാൻഡ് കുമ്പളം നോർത്ത്

അയര്‍ലണ്ടില്‍ തരംഗം തീര്‍ത്ത് മലയാളികളുടെ സ്വന്തം ബാന്‍ഡായ കുമ്പളം നോര്‍ത്ത്. 2000-2001 കാലഘട്ടത്തില്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ബാന്‍ഡാണ് തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലൂടെ അയര്‍ലണ്ടിലെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിലും പുറത്തും തരംഗം തീര്‍ത്ത തൈക്കൂടം ബ്രിഡ്ജില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 2018-ലാണ് കുമ്പളം നോര്‍ത്തിന് സംഘം രൂപം നല്‍കുന്നത്. പുതിയ തലമുറയിലെ ഏതാനും ചെറുപ്പക്കാര്‍ കൂടി സംഘത്തിലെത്തിയതോടെയായിരുന്നു ഇത്.

വിവിധ പ്രായക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ പല ശൈലിയിലും, കാലഘട്ടത്തിലുമുള്ള ഗാനങ്ങളടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇക്കാലയളവില്‍ കുമ്പളം നോര്‍ത്തിന് സാധിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ഇംഗ്ലിഷ്, മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളെല്ലാം ഒരുപോലെ വേദിയിലതവതിപ്പിക്കുമെന്നതിലാണ് ബാന്‍ഡിന്റെ മികവ്.

ബാന്‍ഡിലെ പ്രധാന ഗായകന്‍ മനു മോഹന്‍ദാസ് ആണ്. ആലാപനത്തിനൊപ്പം അക്കൗസ്റ്റിക് ഗിറ്റാറില്‍ ഈണങ്ങള്‍ മീട്ടുന്നത് വിഷ്ണു ശിവദാസ്. ബേസ്, ഡ്രംസ് എന്നിവയില്‍ വിസ്മയം തീര്‍ക്കുന്ന ശ്യാം കെ ദിലീപ്, ബാന്‍ഡിലെ ഗായകന്‍ കൂടിയാണ്. ഗിറ്റാറില്‍ പ്രധാനി കെവിന്‍ ആന്റണിയും, റിഥം ഗിറ്റാറിന്റെ മുന്‍നിരയില്‍ സിജു ദേവസ്സിയുമാണ്. ജോസഫ് മണ്ടോലില്‍ ബേസ്, ആരോണ്‍ മണ്ടോലില്‍ കീബോര്‍ഡ് എന്നിവയില്‍ മായാജാലം സൃഷ്ടിക്കുമ്പോള്‍ ജോണ്‍ ജോര്‍ജ്ജ് ഡ്രംസ്, പ്രദീപ് ജോണ്‍ സാക്‌സോഫോണ്‍ എന്നിവയുമായി ഒപ്പമുണ്ട്.

കൂടുതലും എറണാകുളം സ്വദേശികളാണ് കുമ്പളം നോര്‍ത്ത് ബാന്‍ഡിലെ അംഗങ്ങള്‍. പ്രധാന ഗായകനായ മനു, കൊച്ചിയിലെ കുമ്പളം സ്വദേശിയായതിനാലാണ് ബാന്‍ഡിന് ഈ പേര് നല്‍കാന്‍ കാരണം.

ഈ വര്‍ഷം മൂന്ന് ലൈവ് സ്റ്റേജ് പരിപാടികളാണ് കുമ്പളം നോര്‍ത്ത് ബാന്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 3-ന് മൈന്‍ഡ് മെഗാ മേളയിലാണ് ബാന്‍ഡിന്റെ അടുത്ത സംഗീതപരിപാടി. തുടര്‍ന്ന് ജൂണ്‍ 17-ന് കേരളാ ഹൗസ് കാര്‍ണിവലിലും കുമ്പളം നോര്‍ത്ത് ഓളങ്ങള്‍ തീര്‍ക്കും.

Share this news

Leave a Reply

%d bloggers like this: