രാജ്യത്തെ കുറഞ്ഞ ശമ്പളം (Minimum living wage) 2 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകള്‍. അടുത്ത ജനുവരി മാസത്തോടെ വര്‍ദ്ധന വേണമെന്നാണ് Irish Congress of Trade Unions സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ വര്‍ദ്ധന 2025-ലും നടത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടാക്സ് സംവിധാനത്തില്‍ സര്‍ക്കാര്‍ നേരത്തെ വരുത്തിയ മാറ്റം രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ക്കും, പണക്കാര്‍ക്കും മാത്രമേ ഉപകാരപ്രദമായിട്ടുള്ളൂ എന്ന് ട്രേഡ് യൂണിയനുകള്‍ പറയുന്നു. നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് പ്രത്യേകിച്ചും യുവാക്കളെ കാര്യമായി ബാധിക്കുന്നുവെന്നും Irish Congress of Trade Unions ജനറല്‍ സെക്രട്ടറി Owen Reidy പറഞ്ഞു.
വീടുകള്‍ വാങ്ങുന്നതില്‍ നിന്നും, വാടകയ്ക്ക് ലഭിക്കുന്നതില്‍ നിന്നുമെല്ലാം യുവാക്കള്‍ പുറന്തള്ളപ്പെട്ടതായും, സര്‍ക്കാര്‍ അവരെ കൈയൊഴിഞ്ഞതായും Reidy കുറ്റപ്പെടുത്തി. അവര്‍ക്ക് ഒരു കൈത്താങ്ങ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിനിമം ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും, തൊഴില്‍നഷ്ടം സംഭവിക്കുമെന്നും വാദം ഉയരാമെന്നും, പക്ഷേ 2020-ല്‍ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോഴും സമാനമായ വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും Reidy ചൂണ്ടിക്കാട്ടി.
അതേസമയം മിനിമം ശമ്പളം ഉയര്‍ത്തുന്നത് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗദ്ധനായ Karl Deeter പറയുന്നത്. എന്നിരുന്നാലും ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു. മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസില്‍ നടത്തിയ പഠനത്തില്‍, ശമ്പളം ഉയര്‍ത്തിയാല്‍ 15 മില്യണ്‍ പേര് ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകടക്കുമെന്നും, അതേസമയം 1.5 മില്യണ്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണ്ടെത്തിയതെന്നും Deeter ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷം, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ചും ഭാവിയില്‍ ജോലി ലഭിക്കാനും പ്രയാസമാകും.