അയര്‍ലണ്ടില്‍ ഈ വാരാന്ത്യം ചൂടേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ന് (വെള്ളിയാഴ്ച) വെയിലിനൊപ്പം ആകാശം മേഘാവൃതവുമാകും. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. ചിലയിടങ്ങളില്‍ 22 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും. ശക്തി കുറഞ്ഞ വടക്ക്-കിഴക്കന്‍ കാറ്റും വീശും.
ശക്തമായ ന്യൂനമര്‍ദ്ദമാണ് രാജ്യത്ത് വരണ്ട കാലാവസ്ഥയ്ക്ക് കാരണമെന്ന് Met Eireann അറിയിച്ചു.
ശനിയാഴ്ച ആകാശം മേഘാവൃതമായി കാണപ്പെടുമെങ്കിലും ഇടയ്ക്ക് വെയിലും ലഭിക്കും. ശക്തി കുറഞ്ഞ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് ഇടയ്ക്ക് വീശിയടിക്കാനും സാധ്യതയുണ്ട്. 16 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിച്ചേക്കും. തെക്ക്, തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ നല്ല വെയില്‍ ലഭിക്കും.
അതേസമയം മറ്റ് രണ്ട് ദിനങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച അന്തരീക്ഷം തണുക്കും. വടക്കന്‍ പ്രദേശത്ത് 14 ഡിഗ്രിയും, തെക്ക് 19 ഡിഗ്രിയുമാകും പരമാവധി അന്തരീക്ഷ താപനില. രാവിലെ ആകാശം മേഘങ്ങള്‍ കൊണ്ട് മൂടുമെങ്കിലും, ഉച്ചയോടെ നല്ല വെയില്‍ ലഭിക്കും. ശക്തി കുറഞ്ഞ വടക്ക്-കിഴക്കന്‍ കാറ്റുമുണ്ടാകും.
തിങ്കളാഴ്ചയും അന്തരീക്ഷം ചൂടുപിടിച്ചതായിരിക്കുമെന്നും, താപനില 17 മുതല്‍ 20-21 ഡിഗ്രി വരെ ഉയരുമെന്നും Met Eireann പ്രവചിക്കുന്നു.
വരുന്ന ആഴ്ചയും ന്യൂനമര്‍ദ്ദം കാരണം രാജ്യത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത് തുടരും. 20 ഡിഗ്രി വരെയാകും കൂടിയ താപനില. അതേസമയം കിഴക്കന്‍ കാറ്റുള്ളത് കാരണം കിഴക്കന്‍ തീരപ്രദേശത്ത് ഇത്ര ചൂട് അനുഭവപ്പെടില്ല.