അയര്‍ലണ്ടില്‍ ഈ വര്‍ഷം നടത്തിയ ഗാര്‍ഡ റിക്രൂട്ട്‌മെന്റ് കാംപെയിനില്‍ പങ്കെടുത്തവരുടെ എണ്ണം 2022-ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ പകുതി മാത്രം. 2023-ല്‍ ആകെ 4,973 അപേക്ഷകള്‍ മാത്രമാണ് ഗാര്‍ഡയില്‍ ചേരാനായി ലഭിച്ചതെന്ന് നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കുന്നു. 2022-ല്‍ ഇത് 11,075 ആയിരുന്നു.
അതേസമയം 2020-ല്‍ കോവിഡ് കാരണം റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാല്‍, 2022-ലെ റിക്രൂട്ട്‌മെന്റിന് കൂടുതല്‍ പേര്‍ എത്തിയിരിക്കാമെന്ന് കണക്കാക്കുന്നുണ്ട്. ഇത്തവണത്തെ റിക്രൂട്ട്‌മെന്റ് മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 14 വരെയാണ് നടന്നത്.
അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിരമിക്കലും, ജോലി രാജി വയ്ക്കലുമായി ഗാര്‍ഡ ഉദ്യോഗസ്ഥരുടെ എണ്ണം നിരന്തരമായി കുറയുമ്പോള്‍, മറുവശത്ത് കൊഴിഞ്ഞുപോകുന്നവര്‍ക്ക് പകരമായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.
ഇങ്ങനെയാണെങ്കിലും ഇത്തവണത്തെ റിക്രൂട്ട്‌മെന്റിലെ ആളുകളുടെ പങ്കാളിത്തം ആശാവഹമാണെന്ന തരത്തിലാണ് മന്ത്രി ഹാരിസ് പ്രതികരിച്ചത്. 2019-ന് സമാനമായ പങ്കാളിത്തമാണ് ഇത്തവണ കണ്ടതെന്നും, ഗാര്‍ഡയില്‍ ചേരാന്‍ ആളുകള്‍ ഉത്സാഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സേനയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുക മാത്രമല്ല, ആദ്യഘട്ടത്തില്‍ തന്നെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഫോം പൂരിപ്പിച്ച് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷത്തെ കാംപെയിന്‍ വഴി 1,000 അംഗങ്ങളെ കൂടി ഗാര്‍ഡയിലേയ്ക്ക് ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ‘It’s a Job Worth Doing’ എന്നതായിരുന്നു ഇത്തവത്തെ കാംപെയിന്റെ പരസ്യവാചകം.
ടെസ്റ്റ് ഫലം പരിശോധിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ജൂലൈ മാസത്തിലാണ് ഇന്റര്‍വ്യൂവിന് വിളിക്കുക.