കോർക്ക്-ഡബ്ലിൻ റൂട്ടിലെ ട്രെയിനുകളിൽ ശീതളപാനീയങ്ങൾ ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ റെയിൽവേ

കോര്‍ക്ക്-ഡബ്ലിന്‍ റൂട്ടിലെ ട്രെയിനുകളില്‍ ശീതളപാനീയങ്ങള്‍ ലഭിക്കുന്ന മെഷീനുകള്‍ സ്ഥാപിക്കാന്‍ ഐറിഷ് റെയില്‍. ഈ റൂട്ടിലെ എട്ട് MKIV ട്രെയിനുകളിലാണ് കോള്‍ഡ് ഡ്രിങ്ക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ലഘുഭക്ഷണം, മധുരപലഹാരങ്ങള്‍ എന്നിവ ലഭിക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഒമ്പത് മെഷീനുകള്‍ വാങ്ങുമെങ്കിലും, ഒന്ന് തല്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കും.

ജൂലൈ മാസത്തില്‍ മെഷീനുകള്‍ക്ക് വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മെഷീനുകളില്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും, നേരിട്ട് പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

2020 മുതല്‍ ട്രെയിനുകള്‍ക്കകത്ത് കാറ്ററിങ് സര്‍വീസ് ഇല്ല. ഇതിനുള്ള പരിഹാരമായാണ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി. കോവിഡ് ആരംഭിച്ച ശേഷം ട്രെയിനുകളില്‍ ഭക്ഷണമോ, വെള്ളമോ നല്‍കാത്തതില്‍ ഐറിഷ് റെയില്‍ കാര്യമായ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്ന് കോര്‍ക്ക്-ഡബ്ലിന്‍ റൂട്ടില്‍ കഴിഞ്ഞ മാസം മുതലാണ് ചെറിയ രീതിയില്‍ കാറ്ററിങ് സര്‍വീസ് ആരംഭിച്ചത്.

എട്ട് ട്രെയിനുകളില്‍ പരീക്ഷണാര്‍ത്ഥമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും, വിജയമാണെന്ന് കണ്ടാല്‍ 65 മെഷീനുകള്‍ കൂടി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓരോ ട്രെയിനിലെയും galley counter-ന് എതിര്‍വശത്തായാണ് മെഷീനുകള്‍ സ്ഥാപിക്കുക.

പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിച്ചതും, ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതും കാരണം നേരത്തെ കാറ്ററിങ് സര്‍വീസ് നടത്തിവന്ന RailGourmet, പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് ഐറിഷ് റെയിലിന് തിരിച്ചടിയായത്. താങ്ങാവുന്ന ചെലവില്‍ പകരം കാറ്ററിങ് സര്‍വീസ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സര്‍വീസ് നിലയ്ക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: