ഭാര്യയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയും, ഇ-സിഗരറ്റ് വലിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തയാള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ജോണ്‍ മക്‌ഡോണാ എന്ന 38-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.
2020 മാര്‍ച്ച് 20-നാണ് കേസിന് ആസ്പദമായ സംഭവം. ഫിന്‍ഗ്ലാസിലെ വീട്ടില്‍ വച്ചാണ് തര്‍ക്കത്തിനിടെ പ്രതി, ഭാര്യയെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഭാര്യയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയും, ഇ-സിഗരറ്റ് ഉപയോഗിച്ച് മുഖത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാര്‍ഡ എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
നേരത്തെ അക്രമം അടക്കം 82 കേസുകളില്‍ പ്രതിയാണ് ജോണ്‍ മക്‌ഡോണാ. പ്രതിക്ക് മാനസികമായ അസ്വാസ്ഥ്യമുണ്ടെന്ന് ഇയാളുടെ വക്കീല്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം ഇയാള്‍ക്കെതിരായ കേസ് പിന്നീട് ഭാര്യ പിന്‍വലിച്ചിരുന്നു. ഭര്‍ത്താവിനെ ജയിലിലടയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇയാളുടെ ചെയ്തി തടവ് ശിക്ഷ അര്‍ഹിക്കുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തുടര്‍ന്ന് മക്‌ഡോണയ്ക്ക് രണ്ട് വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. 2023 ജനുവരി മുതല്‍ ഇയാള്‍ കസ്റ്റഡി തടവിലാണ്. ഇത് അടക്കമുള്ള കാലാവധി ശിക്ഷയായി കണക്കാക്കും.