വടക്കന്‍ അയര്‍ലണ്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കി രാഷ്ട്രീയ പാര്‍ട്ടി Sinn Fein. ചരിത്രത്തിലാദ്യമായാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയായി Sinn Fein മാറിയിരിക്കുന്നത്.
462 കൗണ്‍സില്‍ സീറ്റുകളിലേയ്ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 144 സീറ്റുകളാണ് Sinn Fein നേടിയത്. മൂന്ന് ദിവസമാണ് വോട്ടെണ്ണല്‍ നീണ്ടുനിന്നത്.
പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയത്തെ ‘ചരിത്രപരമായ നിമിഷം’ എന്നാണ് വടക്കന്‍ അയര്‍ലണ്ടിലെ Sinn Fein നേതാവ് Michelle O’Neill വിശേഷിപ്പിച്ചത്. Stormont അധികാരം തിരികെയെത്തണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2019-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 39 സീറ്റുകള്‍ അധികമാണ് ഇത്തവണ Sinn Fein-ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി Sinn Fein കരുത്ത് തെളിയിച്ചിരുന്നു.
2019-ന് സമാനമായി 122 സീറ്റുകളാണ് പ്രധാന എതിരാളികളായ DUP (Democratic Unionist Party) നേടിയത്. 67 സീറ്റുകളുമായി Alliance Party-യും തിളങ്ങി. കഴിഞ്ഞ തവണത്തെക്കാള്‍ 14 സീറ്റുകള്‍ അധികമാണിത്.
മറ്റ് പാര്‍ട്ടികള്‍ക്കൊന്നും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ് സീറ്റുകള്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില ഇപ്രകാരം:
UUP (Ulster Unionists Party)- 54
SDLP (Social Democratic and Labour Party)- 39
മറ്റ് ചെറിയ പാര്‍ട്ടികള്‍ സ്വതന്ത്രര്‍ എന്നിവര്‍ 36 സീറ്റുകള്‍ നേടി.
ബെല്‍ഫാസ്റ്റ് ആറ് കൗണ്‍സിലുകളില്‍ Sinn Fein ആണ് ഏറ്റവും വലിയ കക്ഷി. അഞ്ച് കൗണ്‍സിലുകളിലാണ് DUP-ക്ക് മേല്‍ക്കൈ.
ആകെ വോട്ടുകളില്‍ 30.9% ആണ് Sinn Fein-ന് ലഭിച്ചത്. DUP 23.3%, Alliance Party 13.3%, Ulster Unionists 10.9%, SDLP 8.7% എന്നിങ്ങനെയുമാണ് വോട്ട് ശതമാനക്കണക്ക്. ആകെ 54% പോളിങ്ങാണ് നടന്നത്.