അയര്‍ലണ്ടില്‍ ആറില്‍ ഒരു രോഗി വീതം ദന്തഡോക്ടറെ കാണാന്‍ മൂന്ന് മാസത്തിലേറെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് പാസാക്കി രാജ്യത്തെ ഡെന്റിസ്റ്റുകള്‍.
Irish Dental Association നടത്തിയ പുതിയ സര്‍വേ പ്രകാരം, രാജ്യത്ത് ഓര്ത്തോഡോണ്ടിക്, ഓറല്‍ സര്‍ജറി തുടങ്ങി പല്ലിന് സ്പെഷ്യല്‍ കെയറുകള്‍ ലഭിക്കാനായി പകുതിയിലേറെ രോഗികളും മൂന്ന് മാസത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കില്‍ക്കെന്നിയില്‍ ഈ വാരാന്ത്യം ഡെന്റിസ്റ്റുകളുടെ സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ 363 ഡെന്റിസ്റ്റുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ പകുതി പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ മറ്റൊരു ഡെന്റിസ്റ്റിനെ കൂടി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും, 60% പേര്‍ക്കും യോഗ്യതയുള്ള ആരെയും കണ്ടെത്താനായില്ലെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്.
മന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും തങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങളാണ് നല്‍കിയതെന്നും, തങ്ങളുടെ അംഗങ്ങള്‍ കടുത്ത നിരാശയിലാണെന്നും സര്‍വേയുടെ വെളിച്ചത്തില്‍ Irish Dental Association പ്രസിഡന്റ് Eamon Croke പ്രതികരിച്ചു. രാജ്യത്തെ ഡെന്റല്‍ സംവിധാനത്തില്‍ പരിഷ്കാരം വരുത്താന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിക്കെതിരായ അവിശ്വാസ വോട്ടെടുപ്പ് ഫലം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ Dental Treatment Service Scheme (DTSS)-ന് എതിരെയും ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. DTSS കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന 93% ഡോക്ടര്‍മാരും നിലവിലെ രൂപത്തില്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. 16 വയസിന് മേലെയുള്ള മെഡിക്കല്‍ കാര്‍ഡുള്ള രോഗികള്‍ക്ക് സൗജന്യ ദന്തപരിശോധന നല്‍കുന്നതാണ് ഈ പദ്ധതി. എന്നാല്‍ നിലവിലെ പദ്ധതിയില്‍ പോരായ്മകളുണ്ടെന്നാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്.
പൊതുജനത്തിന് അധികഭാരമായി ചികിത്സ മാറാതിരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.