അയര്‍ലണ്ടില്‍ ഭവനരിഹതരായ 3,500-ഓളം കുട്ടികള്‍ക്ക് അടിയന്തരതമസസൗകര്യം ആവശ്യമാണെന്ന് സംഘടന. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യവുമായി ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ Focus Ireland ആണ് രംഗത്ത് വന്നിരിക്കുന്നത്.
പ്രശ്‌നം പരിഹരിക്കാനായി രാജ്യത്തെ തദ്ദേശസ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് കൂടുതല്‍ ദിശാബോധവും, പരിശീലനവും, പിന്തുണയും നല്‍കണമെന്ന് Focus Ireland ഡയറക്ടറായ മൈക്ക് അല്ലന്‍ പറഞ്ഞു.
2023 മാര്‍ച്ചിലെ കണക്ക് പ്രകാരം രാജ്യത്ത് 3,472 കുട്ടികള്‍ക്കാണ് അടിയന്തര താമസസൗകര്യം ആവശ്യമുള്ളത്. ഒരു വര്‍ഷത്തിനിടെ 662 കുട്ടികളുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
പ്രശ്‌നപരിഹാരത്തിനായി Housing (Homeless Families) Bill 2017 വീണ്ടും അവതരിപ്പിച്ച് നിയമമാക്കി മാറ്റണമെന്ന് Focus Ireland ആവശ്യപ്പെടുന്നു. 1988 Housing Act ഭേദഗതി വരുത്തി, ഒരു കുടുംബം ഭവനരഹിതരാകുകയാണെങ്കില്‍, കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന തരത്തിലാണ് ഈ ബില്‍. മുന്‍രാഷ്ട്രീയ പ്രവര്‍ത്തകയും, TD-യുമായിരുന്ന Jan O’Sullivan ആയിരുന്നു ബില്‍ അവതരിപ്പിച്ചത്.
വീടില്ലാതെ വളരുന്ന കുട്ടികള്‍ക്ക് അത് സാമൂഹികമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത Focus Ireland ചൂണ്ടിക്കാട്ടുന്നു.