അയര്‍ലണ്ടിലെ ആശുപത്രികളില്‍ പുതുതായി 850 നഴ്സുമാരെ കൂടി നിയമിക്കാനായി 25 മില്യണ്‍ യൂറോ ചെലവിടുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യം അനുഭവിക്കുന്ന നഴ്സുമാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
നഴ്സുമാരുടെ എണ്ണക്കുറവ് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതായും, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായും Irish Nurses’ and Midwives’ Organisation (INMO)-ന്റെ വാര്‍ഷിക സമ്മേളനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും സംഘടന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്താനുള്ള ആലോചനയും സംഘടന നടത്തുന്നുണ്ട്. ഇതിനിടെയാണ് വ്യാഴാഴ്ച പുതിയ പ്രഖ്യപനവുമായി മന്ത്രി രംഗത്തെത്തിയത്.
അതേസമയം സര്‍ക്കാരും, മന്ത്രിയും ഫണ്ട് നല്‍കുമെന്ന് നിരന്തരം പ്രഖ്യാപിക്കുകയല്ലാതെ ആവശ്യത്തിന് നഴ്സുമാരെ ഇതുവരെ റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് ലേബര്‍ പാര്‍ട്ടി വക്താവ് Duncan Smith വിമര്‍ശിച്ചു. കൂടുതല്‍ നഴ്സുമാര്‍ ജോലിക്കെത്തുന്നതും, നല്ല രീതിയില്‍ ജോലി ചെയ്യുന്നതും കാണുന്നത് സന്തോഷമുണ്ടാക്കുമെങ്കിലും, അത് നടന്നുകാണുമെന്ന് ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.