അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു.
2000 ഒക്ടോബറിനും, 2001 ഏപ്രിലിനും ഇടയിലാണ് അയര്‍ലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് മുമ്പ് 3.9 ശതമാനത്തില്‍ എത്തിയിരുന്നത്.
പുതിയ കണക്കനുസരിച്ച് നോക്കുമ്പോള്‍ മുന്‍ വര്‍ഷം തൊഴിലില്ലാതിരുന്ന 15,000 പേര്‍ക്ക് ജോലി കിട്ടി എന്നുവേണം മനസിലാക്കാനെന്ന് Grant Thornton Ireland-ലെ സാമ്പത്തിക വിദഗ്ദ്ധനായ ആന്‍ഡ്രൂ വെബ് പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത വെല്ലുവിളി നേരിടുന്ന സമ്പദ് വ്യവസ്ഥയ്ക്കിടയിലും ഈ നേട്ടമുണ്ടായി എന്നത് വലിയ കാര്യമാണ്.
അതേസമയം നിലവിലെ പണപ്പെരുപ്പം ഭീഷണിയായി നിലനില്‍ക്കുന്നുവെന്ന് വെബ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.