പൊതുഗതാഗത ടിക്കറ്റിങ് സംവിധാനത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യതലസ്ഥാനങ്ങളില്‍ ഏറ്റവും മോശം അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക്, ടിക്കറ്റ് എടുക്കാനുള്ള സൗകര്യം എന്നിവ അടിസ്ഥാനമാക്കി യൂറോപ്പിലെ 30 തലസ്ഥാനനഗരങ്ങളില്‍ പരിസ്ഥിതി സംഘടനയായ Greenpeace നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്.
യൂറോപ്പില്‍ പൊതുവെ പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും, ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാണാനുമായി കുറഞ്ഞ നിരക്കില്‍ പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് സംഘടന പറയുന്നു.
പൊതുഗതാഗത ടിക്കറ്റിങ് സംവിധാനത്തിന്റെ കാര്യത്തില്‍ 100-ല്‍ 36 പോയിന്റുകള്‍ മാത്രമാണ് ഡബ്ലിന്‍ നേടാന്‍ സാധിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനം എസ്റ്റോണിയയുടെ തലസ്ഥാനമായ Tallinn, Luxemberg, മാള്‍ട്ട തലസ്ഥാനമായ Valletta എന്നിവ പങ്കിട്ടു. 100-ല്‍ 100 പോയിന്റാണ് ഈ നഗരങ്ങള്‍ നേടിയത്.
നല്ല പൊതുഗതാഗത സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 13-ആം സ്ഥാനത്താണ് അയര്‍ലണ്ട്. 66 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, അവരുടെ കെയറര്‍മാര്‍ എന്നിവര്‍ക്ക് പൊതുഗതാഗതത്തില്‍ സൗജന്യയാത്രയ്ക്ക് ട്രാവല്‍ കാര്‍ഡ് നല്കുന്നതുകൊണ്ട് മാത്രമാണ് അയര്‍ലണ്ടിന് പോയിന്റുകള്‍ ലഭിച്ചത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് Luxemberg ആണ്. രണ്ടാം സ്ഥാനത്ത് മാള്‍ട്ടയും, മൂന്നാം സ്ഥാനത്ത് ഓസ്ട്രിയയും ആണ്.
എല്ലാ പൊതുഗതാഗതസംവിധാനങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടിക്കറ്റ് നല്‍കാത്ത ഒരേയൊരു നഗരം ഡബ്ലിനാണെന്നും Greepeace Ireland പറയുന്നു. മറ്റ് നഗരങ്ങളില്‍ ഒരു മാസത്തേയ്ക്കോ, വര്ഷത്തേയ്ക്കോ, എല്ലാ പൊതുഗതാഗതസംവിധാനങ്ങളിലും യാത്ര ചെയ്യാവുന്ന തരത്തില്‍ ടിക്കറ്റ് വാങ്ങാന്‍ സാധിക്കും.