സ്‌കോട്‌ലണ്ട് സന്ദര്‍ശനത്തിന് ശേഷം അയര്‍ലണ്ടിലെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ബുധനാഴ്ചയാണ് ട്രംപ് വിമാനമിറങ്ങിയത്. ഗാര്‍ഡ Armed Support Unit അദ്ദേഹത്തെ അനുഗമിക്കാനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ട്രംപ്, മകനായ എറിക്കിനൊപ്പം സ്‌കോട്‌ലണ്ട് സന്ദര്‍ശനത്തിനെത്തിയത്.
അയര്‍ലണ്ടില്‍ കൗണ്ടി ക്ലെയറിലുള്ള Doonberg-ലെ റിസോര്‍ട്ടായ Trump International Golf Links and Hotel-ലാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. 2014-ലാണ് അദ്ദേഹം 400 ഏക്കറുള്ള ഈ റിസോര്‍ട്ട് വാങ്ങുന്നത്. പിന്നീട് 2019-ല്‍ പ്രസിഡന്റായിരിക്കെയും ഇവിടം സന്ദര്‍ശിച്ചിരുന്നു.
ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് റിസോര്‍ട്ടിലും, ഗ്രാമപ്രദേശത്തും ഗാര്‍ഡ നിലയുറപ്പിച്ചിരുന്നു. ആയുധധാരികളായ പട്രോള്‍ യൂണിറ്റും സുരക്ഷയൊരുക്കി.
യുഎസ് കമ്പനികളെ ഇവിടേയ്ക്ക് ‘വശീകരിക്കുന്നതില്‍’ അയര്‍ലണ്ട് വിജയിച്ചിട്ടുണ്ടെന്ന് ക്ലെയറിലെ സന്ദര്‍ശനവേളയില്‍ റിപ്പോര്‍ട്ടര്‍മാരോട് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. കമ്പനികള്‍ ഇവിടം ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങിയ ശേഷം ട്രംപ് ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. നിലവില്‍ മാന്‍ഹട്ടനില്‍ പീഡനക്കേസില്‍ വിചാരണ നേരിടുകയാണ് ട്രംപ്. 1996-ല്‍ തന്നെ ട്രംപ് പീഡിപ്പിച്ചെന്ന ആരോപണമുന്നയിച്ച് രംഗത്തെത്തിയത് മുന്‍ മാഗസിന്‍ കോളമിസ്റ്റായ E Jean Carroll ആണ്. അതേസമയം ട്രംപ് ആരോപണം നിഷേധിച്ചിട്ടുണ്ട്.