പെണ്മക്കളുമായി അടിപിടികൂടിയ എട്ട് വയസുകാരന്റെ മൂക്കിന് ഇടിച്ച് പരിക്കേല്‍പ്പിച്ച ഡബ്ലിന്‍കാരനോട് സമൂഹസേവനം നടത്താന്‍ ഉത്തരവിട്ട് കോടതി.
Kamil Naumczyk എന്ന 40-കാരനോടാണ് 18 മാസത്തെ ജയില്‍ശിക്ഷയ്ക്ക് പകരമായി സമൂഹസേവനം നടത്താന്‍ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ഉത്തരവിട്ടത്.
2021 മെയ് 8-ന് ഒരു സംഘം ആണ്‍കുട്ടികള്‍ തങ്ങളുമായി വഴക്കിട്ടെന്ന് പ്രതിയുടെ പെണ്‍മക്കള്‍ പരാതിപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. വഴക്കുണ്ടാക്കിയ ആണ്‍കുട്ടികളെ പിന്തുടര്‍ന്ന് പോയ പ്രതി, പ്രദേശത്തെ ഒരു പൂന്തോട്ടത്തില്‍ വച്ച് ഇവരെ കണ്ടെത്തുകയും, ഇതില്‍ ഒരു കുട്ടിയുടെ മൂക്കിന് ഇടിക്കുകയുമായിരുന്നു.
പരിക്ക് പറ്റിയ കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവം ചോദിക്കാനായി Naumczyk-ന്റെ അടുത്ത് എത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ ഇടിച്ചതായി സമ്മതിച്ചു. അതേസമയം താന്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാനാണ് ശ്രമിച്ചിരുന്നതെന്ന് ഇടി കൊണ്ട ആണ്‍കുട്ടി പറഞ്ഞിരുന്നു.
മൂക്കിന് പരിക്കേറ്റ എട്ട് വയസുകാരന് പിന്നീട് സര്‍ജറി നടത്തി പ്ലേറ്റ് ഇടേണ്ടിവന്നു.
നേരത്തെ മറ്റ് കേസുകളിലൊന്നും പ്രതിയല്ലെന്നത് പരിഗണിച്ചാണ് പ്രതിക്ക് ജയില്‍ശിക്ഷ മാറ്റി സമൂഹസേവനം വിധിച്ചത്. പെണ്‍കുട്ടികള്‍ വന്ന് പരാതി പറഞ്ഞപ്പോള്‍ അമിതപ്രതികരണം നടത്തിയതായിരുന്നു പ്രതി എന്നും കോടതി നിരീക്ഷിച്ചു. ഇയാള്‍ പരിക്കേറ്റ കുട്ടിയുടെ മാതാപിതാക്കളോട് ഉടനടി തന്നെ കുറ്റം സമ്മതിച്ചതും, ഗാര്‍ഡയോട് സഹകരിച്ചതും കോടതി ശിക്ഷാവിധിയില്‍ പരിഗണിച്ചു.