സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന ബട്ടറിന് വില കുറച്ച് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍. കഴിഞ്ഞയാഴ്ച പാലിന് വില കുറച്ചതിന് പിന്നാലെയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടപടി.
സ്വന്തം ബ്രാന്‍ഡില്‍ ഇറക്കുന്ന 454 ഗ്രാം (1lb) ബട്ടറിന്റെ വില 40 സെന്റ് കുറയ്ക്കുമെന്നാണ് SuperValu, Lidl and Aldi എന്നി സ്റ്റോറുകള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ പാക്കറ്റിന് വില 3.39 യൂറോയില്‍ നിന്നും 2.99 യൂറോ ആകും. രാജ്യത്തെ മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളും സമാനമായി ബട്ടറിന് വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
പാലിന് വില കുറച്ചത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് Irish Farmers’ Association (IFA) നേരത്തെ പറഞ്ഞിരുന്നു. ബട്ടറിനും വില കുറച്ചതോടെ, വിലക്കുറവ് കാരണം നഷ്ടം അനുഭവിക്കുന്നത് തങ്ങള്‍ മാത്രമാണെന്ന് IFA പ്രതികരിച്ചു. പാല് ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില തങ്ങള്‍ക്ക് ലഭിക്കണമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
അതേസമയം വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നതായുള്ള തന്റെ ആരോപണം ശരി വയ്ക്കുന്നതാണ് പാലിന്റെ വില കുറയ്ക്കല്‍ കാണിക്കുന്നതെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ Ged Nash-ന്റെ നേരത്തെയുള്ള പ്രതികരണം. ബട്ടര്‍ വില കുറച്ചതോടെ, Dail-ല്‍ വിലക്കയറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തണെന്ന ആവശ്യം Nash ഉയര്‍ത്തിയിട്ടുണ്ട്.