ജോലികാരണം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി അയര്‍ലണ്ടിലെ നഴ്‌സുമാര്‍. Irish Nurses and Midwives Organisation (INMO) വാര്‍ഷിക സമ്മേഷനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യൂണിയന്‍ അംഗങ്ങളായ 94% പേരും ഇത്തരത്തില്‍ പ്രതികരിച്ചതായി വ്യക്തമാക്കുന്നത്.
INMO നടത്തിയ സര്‍വേയില്‍ പ്രതികരിച്ച 89% പേരും, ജോലി കാരണം മടുപ്പും, വിരക്തിയും അനുഭവപ്പെട്ടതായും പ്രതികരിച്ചു.
ആവശ്യത്തിന് ജോലിക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടതായും, നിലവിലെ ജോലിക്കാരുടെ എണ്ണം രോഗികളുടെ ആധിക്യം കണക്കാക്കുമ്പോള്‍ കുറവാണെന്ന് 85% പേര്‍ പറഞ്ഞതായും INMO റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യാഥാര്‍ത്ഥ്യം വെളിവാക്കുന്ന റിപ്പോര്‍ട്ടാണ് ഇതെന്ന് പറഞ്ഞ INMO, രാജ്യത്തെ സ്ഥിതി ഒട്ടും മെച്ചപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. 2019 മുതല് ഇതാണ് അവസ്ഥയെന്നും INMO പറയുന്നു. കോവിഡ് കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി.
ജോലിഭാരം കാരണം നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്ന് INMO പറഞ്ഞു. ഇത് ആരോഗ്യരംഗത്തെയാകെ ബാധിക്കുമെന്നും സംഘന മുന്നറിയിപ്പ് നല്‍കി. സര്‍വേയില്‍ പ്രതികരിച്ച നാലില്‍ മൂന്ന് നഴ്‌സുമാരും, ജോലി വിടുന്നതിനെ പറ്റി ആലോചിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.