അയര്‍ലണ്ടിലെ ഗാര്‍ഡ ഫോഴ്സില്‍ റിക്രൂട്ട്മെന്റ്, റീടെന്ഷന് പ്രതിസന്ധിയെന്ന് Garda Representative Association (GRA). നിലവിലെ സാഹചര്യം മുന്നറിയിപ്പാണെന്നും, നേരത്തെ പ്രതീക്ഷിച്ചതിലും വലിയ പ്രതിസന്ധിയാണിതെന്നും GRA പറയുന്നു.
2022 ബജറ്റില്‍ 800 പുതിയ അംഗങ്ങളെ ചേര്‍ക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, 300 പേരെ മാത്രമാണ് പുതുതായി ജോലിക്കെടുത്തത്. 2023-ലെ ബജറ്റ് 1,000 ഗാര്‍ഡയെ കൂടി സേനയില്‍ ചേര്‍ക്കുമെന്ന് പറഞ്ഞെങ്കിലും 700-800 പേരെ ചേര്‍ത്താല്‍ ഭാഗ്യമെന്ന് കരുതുന്നുവെന്നും GRA പ്രതിനിധി പറഞ്ഞു.
വര്‍ഷം 350-400 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് റിട്ടയര്‍മെന്റ്, ജോലി രാജിവയ്ക്കല്‍ എന്നിവയായി സേനയില്‍ നിന്നും വിട്ടുപോകുന്നത്. അതായത് വര്‍ഷം തോറും സേനയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്.
രാജ്യത്ത് 15,000 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എന്നതാണ് ലക്ഷ്യമെങ്കിലും, നിലവില്‍ 14,100-ലധികം പേര് മാത്രമാണുള്ളത്. 2023 അവസാനത്തോടെ 800-ലധികം പേര് പിരിഞ്ഞുപോകാനും സാധ്യതയുണ്ട്.
സേനയില്‍ നിന്നും അംഗങ്ങള്‍ രാജിവച്ച് പോകുന്നതാണ് പ്രധാന പ്രതിസന്ധി. 2017-ല്‍ 41 പേര് ഇത്തരത്തില്‍ രാജിവച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. 2021-ല്‍ 94 പേരും, 2022-ല്‍ 109 പേരും രാജിവച്ചു. അഞ്ച് വര്‍ഷത്തിനിടെ രാജിവയ്ക്കുന്നവരുടെ എണ്ണം 170% ആണ് വര്‍ദ്ധിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ സേനയിലേയ്ക്ക് അംഗങ്ങളെ എടുക്കുന്നതിനായി ഗാര്‍ഡ ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. 1,000 പേരെ റിക്രൂട്ട് ചെയ്യാമെന്നായിരുന്നു പ്രതീക്ഷ.
ഗാര്‍ഡയുടെ ജോലി ബുദ്ധിമുട്ടായിരിക്കുമെങ്കിലും, താല്പര്യമുള്ളവര് സേനയില്‍ ചേരാന്‍ അപേക്ഷ നല്‍കണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറയുന്നു. ഗാര്‍ഡയുടെ ജോലി എന്നത് വ്യക്തിപരമായും, തൊഴില്‍പരമായും തൃപ്തി നല്‍കുന്നതാണെന്നും, സമൂഹത്തില്‍ മാറ്റത്തിന് സഹായിക്കുന്നതാണെന്നും Garda Press Office Superintendent Liam Geraghty-യും പറഞ്ഞു.