പാലിന് വില കുറച്ച് സൂപ്പർമാർക്കറ്റുകൾ; കർഷകർക്ക് തിരിച്ചടി, വിലക്കയറ്റം കൃത്രിമമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ നാല് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാലിന്റെ വില വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലെന്ന് Irish Farmers’ Association (IFA). Lidl, Tesco, Aldi, Supervalu എന്നീ സ്റ്റോറുകളാണ് തങ്ങളുടെ കടകളിലെ 2 ലിറ്റര്‍ പാലിന് വില 10% കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

വിലക്കുറവ് പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സഹായമാണെങ്കിലും കര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് Irish Farmers’ Association (IFA) പറഞ്ഞു. ഈ വര്‍ഷം നേരത്തെയുണ്ടായ സമാനമായി വില വെട്ടിക്കുറയ്ക്കല്‍ കാരണം കര്‍ഷകര്‍ക്ക് 50,000 യൂറോ ശരാശരി നഷ്ടം സംഭവിച്ചതായും, നിലവില്‍ പാലുല്‍പ്പാദനത്തിന് ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചിലവേറിയിരിക്കുകയാണെന്നും IFA കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്തെ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം റെക്കോര്‍ഡിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 16 ശതമാനത്തിലേറെയാണ് പലചരക്ക് വില വര്‍ദ്ധിച്ചത്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിച്ച ശേഷം പാലിന് 24% വില വര്‍ദ്ധിച്ചതായും CSO റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാലിന് വില കുറച്ചിരിക്കുന്നത് വിപണിയില്‍ പലചരക്കിന് price gouging അഥവാ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് താന്‍ നേരത്തെ പറഞ്ഞതിന് തെളിവാണെന്നു, സര്‍ക്കാരും CCPC-യും ഉടന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ലേബര്‍ പാര്‍ട്ടി വക്താവ് Ged Nash പറഞ്ഞു. മറ്റ് സാധനങ്ങള്‍ക്ക് വില കുറയ്ക്കാന്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തയ്യാറാകണമെന്നും Nash കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: