രാജ്യത്ത് 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 500 യൂറോ റെന്റ് ടാക്‌സ് ക്രെഡിറ്റിന് (rent tax credit) അര്‍ഹരായവരില്‍ പകുതി പേര്‍ മാത്രമേ അപേക്ഷ നല്‍കിയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 4 ലക്ഷം പേരോളം റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ അര്‍ഹരാണ്. എന്നാല്‍ 209,000 പേര്‍ മാത്രമാണ് ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്.
വര്‍ദ്ധിച്ചുവരുന്ന വാടക ചെലവിന് ആശ്വാസം പകരാന്‍ 2022 ഡിസംബര്‍ മുതലാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ് നല്‍കിത്തുടങ്ങിയത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത് ഇത്തരത്തില്‍ ടാക്‌സ് ക്രെഡിറ്റ് നേടാവുന്നതാണ്. 2022 മുതല്‍ 2025 വരെ പദ്ധതി നീളുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
നിലവിലെ കണക്ക് പ്രകാരം (2022-ന്റെ അവസാന മൂന്ന് മാസങ്ങള്‍) രാജ്യത്ത് ശരാശരി വാടക വീടിന് നല്‍കേണ്ടത് മാസം 1,733 യൂറോ ആണ്. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 13.7% വര്‍ദ്ധനയാണിത്.
വാടക ഇത്തരത്തില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലും അര്‍ഹരായവര്‍ പലരും റെന്റ് ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കുന്നില്ലെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 7,221 പേര്‍ മാത്രമാണ് 2023-ല്‍ അപേക്ഷ നല്‍കിയത്. പലര്‍ക്കും 2023-ലെ ക്രെഡിറ്റ് അപേക്ഷ ആരംഭിച്ച കാര്യം അറിയാത്തതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്.
റെന്റ് ക്രെഡിറ്റ് ലഭിക്കുന്നത് ആര്‍ക്കൊക്കെ?
കോളേജില്‍ പഠിക്കുന്ന മക്കള്‍, വീട്ടില്‍ നിന്നും മാറി ദൂരെയാണ് വാടകയ്ക്ക് താമസിക്കുന്നതെങ്കില്‍, രക്ഷിതാക്കള്‍ക്ക് റെന്റ് ക്രെഡിറ്റ് ലഭിക്കും. സിംഗിള്‍ പാരന്റ് ആണെങ്കില്‍ 500 യൂറോയും, കപ്പിള്‍ ആണെങ്കില്‍ 1,000 യൂറോയും വരെ ക്രെഡിറ്റിന് അപേക്ഷിക്കാം.
മുഴുവന്‍ ക്രെഡിറ്റ് തുകയും ലഭിക്കണമെങ്കില്‍ സിംഗിള്‍ പാരന്റ്‌സ് വര്‍ഷം കുറഞ്ഞത് 2,500 യൂറോയെങ്കിലും മക്കളുടെ വാടക വീടിനായി നല്‍കണം. കപ്പിള്‍ ആണെങ്കില്‍ 5,000 യൂറോയും.
നാല് വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ക്രെഡിറ്റിനായി അപേക്ഷിക്കാമെങ്കിലും ഉടന്‍ തന്നെ അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
അതേസമയം കൃത്യമായ വാടക റസീറ്റ് ലഭിക്കാത്തത് കാരണം അപേക്ഷ നല്‍കാന്‍ സാധിക്കുന്നില്ലെന്ന് പലരും അറിയിച്ചിട്ടുണ്ട്.