അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 16,600 ഗാര്‍ഹികപീഢന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4% വര്‍ദ്ധനയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ദ്ധിച്ചു എന്നതിന് അര്‍ത്ഥം, ആളുകള്‍ക്ക് ഗാര്‍ഡയിലുള്ള വിശ്വാസം വര്‍ദ്ധിച്ചു എന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 2022-ല്‍ 54,000 കേസുകളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. 2020-നെ അപേക്ഷിച്ച് 21% അധികമായിരുന്നു ഇത്. 2022 അവസാനത്തോടെ ബലാല്‍ക്കാരമായി നിയന്ത്രിക്കാന്‍ ശ്രമിച്ച 500 കേസുകള്‍ ഗാര്‍ഡ അന്വേഷിക്കുകയും, ഇതില്‍ 58 എണ്ണം കോടതിയില്‍ എത്തുകയും ചെയ്തു.
ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്തുന്നതിനായി ഗാര്‍ഡ ആരംഭിച്ച Go Purple Day-യുടെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗാര്‍ഹികപീഢനം അനുഭവിക്കുന്നവര്‍ പുറത്തറിയിക്കാതെ സഹിക്കാന്‍ ശ്രമിക്കരുതെന്നും, ഉടന്‍ തന്നെ ഗാര്‍ഡയെയോ, മറ്റ് ഹെല്‍പ്പ് ലൈനുകളെയോ ബന്ധപ്പെടണമെന്ന് അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഢനം വളരെയേറെ വര്‍ദ്ധിച്ചതായി ഗാര്‍ഡ വ്യക്തമാക്കിയിരുന്നു.