പട്രോൾ കാറിൽ വാഹനമിടിപ്പിച്ച് ഗാർഡയെ പരിക്കേൽപിച്ചയാളെ നാല് വർഷം തടവിന് വിധിച്ച് കോടതി

ഗാര്‍ഡ പട്രോള്‍ കാറില്‍ വാഹനമിടിപ്പിക്കുകയും, ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. Trevor Brown എന്ന 40-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

മോഷ്ടിച്ച ട്രക്ക് വേഗത്തില്‍ പിന്നോട്ടെടുത്ത് പട്രോള്‍ കാറില്‍ ഇടിപ്പിച്ചതിനെത്തുടര്‍ന്നാണ് വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റത്.

അതേസമയം കോടതിയില്‍ മാപ്പപേക്ഷിച്ച പ്രതി, താന്‍ കാര്‍ മെല്ലെയാണ് പുറകോട്ട് എടുത്തതെന്ന് പറഞ്ഞു. എന്നാല്‍ പ്രതി വേഗത്തില്‍ കാറെടുത്ത് അപകടമുണ്ടാക്കിയാതായണ് തെളിവുകള്‍ കാണിക്കുന്നതെന്ന് ജഡ്ജ് വ്യക്തമാക്കി.

2022 മെയ് 7-നാണ് നോര്‍ത്ത് ഡബ്ലിനില്‍ ഒരു ട്രാഫിക് മാനേജ്‌മെന്റ് വാഹനം മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചത്. ഈ ട്രക്കില്‍ ട്രാക്കര്‍ ഉണ്ടായിരുന്നതിനാല്‍ വാഹനം ഫിന്‍ഗ്ലാസില്‍ M5-ന് സമീപം ഉള്ളതായി ഉടമകള്‍ ഗാര്‍ഡയെ അറിയിച്ചു. തുടര്‍ന്ന് ഗാര്‍ഡ ഉദ്യോഗസ്ഥനായ ല്യൂയിസ്, മോറന്‍ എന്നിവര്‍ പട്രോള്‍ കാറില്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഈ ട്രക്കും, ഡ്രൈവര്‍ സീറ്റില്‍ പ്രതിയെയും കണ്ടു. തുടര്‍ന്ന് ട്രക്ക് പോകാതിരിക്കാനായി പുറകില്‍ ബ്ലോക്ക് ചെയ്ത് നിര്‍ത്തിയ ശേഷം കാര്യം തിരക്കാന്‍ പുറത്തിറങ്ങിയപ്പോള്‍, പ്രതിയായ ബ്രൗണ്‍ ട്രക്ക് പെട്ടെന്ന് പിന്നോട്ടെടുത്ത് അപകടം സൃഷ്ടിക്കുകയായിരുന്നു. ട്രക്ക് പട്രോള്‍ കാറില്‍ ഇടിക്കുകയും ചെയ്തു.

പ്രതി വീണ്ടും വാഹനമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ല്യൂയിസും, മോറനും പ്രതിയെ പുറത്തേയ്ക്ക് വലിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെറുക്കാനും ഇയാള്‍ ശ്രമിച്ചു. ഇതിനിടെ മോറന്റെ കൈ മുറിയുകയും, ല്യൂയിസിന്റെ കാല്‍ തടിച്ച് വീര്‍ക്കുകയും, ചുവക്കുകയും ചെയ്തു. തോളിനും പരിക്കേറ്റു.

ഇതിന് മുമ്പ് അപകടരമായി വാഹനമോടിക്കുക, പോലീസ് ഓഫീസറെ ആക്രമിക്കുക, കാര്‍ മോഷ്ടിക്കുക അടക്കം 165 കുറ്റങ്ങള്‍ക്ക് പ്രതിയായ ബ്രൗണ്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

വാഹനം മോഷ്ടിച്ചതിന് രണ്ടര വര്‍ഷം, പോലീസ് ഓഫീസറെ ആക്രമിച്ചതിന് അഞ്ച് വര്‍ഷം എന്നിങ്ങനെ കോടതി ശിക്ഷ വിധിച്ച ശേഷം ഒരു വര്‍ഷം ഇളവ് ചെയ്ത് നല്‍കുകയായിരുന്നു. കസ്റ്റഡിയില്‍ കഴിഞ്ഞ കാലം കൂടി പരിഗണിക്കുമ്പോള്‍ ഇനി നാല് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി.

Share this news

Leave a Reply

%d bloggers like this: