കൗണ്ടി വെക്സ്ഫോര്‍ഡിലെ സെക്കന്‍ഡറി സ്കൂളില്‍ തീ പടര്‍ന്ന സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വൈകിട്ട് 3.30-ഓടെയാണ് Enniscorthy Vocational School-ലെ ബാത്റൂമില്‍ നിന്നും തീ പടര്‍ന്നുപിടിച്ചത്.
തുടര്‍ന്ന് ഫയര്‍ സര്‍വീസും, ഗാര്‍ഡയും സംഭവസ്ഥലത്തെത്തുകയും, വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
തീപടര്‍ന്ന ബാത്റൂമില്‍ പരിശോധന നടത്തിയതായും, എന്തോ ഒരു ഉപകരണത്തിന്റെ അവശിഷ്ടം ലഭിച്ചതായും വെക്സ്ഫോര്‍ഡ് ചീഫ് ഫയര്‍ ഓഫിസര്‍ റേ മര്‍ഫി പറഞ്ഞു. ഈ ഉപകരണത്തില്‍ നിന്നും ഗ്യാസ് പുറത്ത് വന്ന് ചെറിയ രീതിയില്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിടങ്ങള്‍ക്ക് ചെറിയ കേടുപാടുകളൊഴിച്ചാല് വേറെ പ്രശ്നമൊന്നും തീപിടിത്തത്തില്‍ സംഭവിച്ചിട്ടില്ല. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.