അയര്‍ലണ്ടിലെ റോഡുകളില്‍ നിയമലംഘകരെ പിടികൂടാന്‍ എഐ ക്യാമറകള്‍ (Artificial Intelligence Cameras) സ്ഥാപിക്കുന്നത് ഗാര്‍ഡയുടെ പരിഗണനയില്‍. ബസ് ലെയിനുകളില്‍ മറ്റ് വാഹനങ്ങള്‍ കയറ്റി ഓടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുന്ന തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് ഗാര്‍ഡ ആലോചിക്കുന്നത്.
100 മില്യണ്‍ യൂറോയോളം ഈ പദ്ധതിക്കായി ചെലവാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇവ സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയില്ലെന്നും, ഗാര്‍ഡ നിലവിലെ വിപണി വീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണമെങ്കില്‍ പാര്‍ലമെന്റ് നിയമം പാസാക്കേണ്ടതുമുണ്ട്.
നിലവില്‍ GoSafe എന്ന സ്ഥാപനമാണ് രാജ്യത്ത് ഗാര്‍ഡയ്ക്ക് വേണ്ടി 1400-ഓളം സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ GoSafe-മായുള്ള കരാര്‍ അവസാനിപ്പിക്കേണ്ടി വന്നേക്കും. നിലവിലെ ക്യാമറകള്‍ വാഹനങ്ങളുടെ വേഗത അളക്കാന്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.
പുതിയ എഐ ക്യാമറകള്‍ വഴി ഓരോ വാഹനവും സഞ്ചരിക്കുന്ന ദൂരം നോക്കി വേഗത കണക്കാക്കാനും, അതുവഴി വേഗപരിധി ലംഘിച്ചോ എന്ന് കണ്ടെത്താനും സാധിക്കുകയും ചെയ്യും.
പദ്ധതി നടപ്പിലാക്കാനായി വൈകാതെ തന്നെ ഗാര്‍ഡ ടെന്‍ഡര്‍ വിളിച്ചേക്കുമെന്നാണ് കരുതുന്നത്.
കേരളത്തില്‍ സമാനമായ പദ്ധതിയിലൂടെ എഐ ക്യാമറകള്‍ സ്ഥാപിച്ചത് ഈയിടെയാണ്.